യെച്ചൂരിക്ക് മൂന്നാം ഊഴം; സി.പി.എം ജനറൽ സെക്രട്ടറിയായി തുടരും
ഇതാദ്യമായി പൊളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യവുമാണ്ടായേക്കും
കണ്ണൂര്‍: തുടർച്ചയായ മൂന്നാം തവണയും സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറിയാകും. പ്രായപരിധി നിബന്ധനയുടെ പേരിൽ എസ്. രാമചന്ദ്രൻ പിള്ള, ഹന്നൻ മുള്ള, ബിമൻ ബസു എന്നിവർ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്ക് കേരളത്തിൽ നിന്ന് എ.വിജയരാഘവൻ പിബിയിൽ എത്തും. കേന്ദ്ര കമ്മിറ്റിയിലും പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും. 75 വയസ്സ് പിന്നിട്ട പി ബി അംഗങ്ങളിൽ പിണറായി വിജയനു മാത്രമാകും ഇളവ്.
കശ്മീരിൽ നിന്നുള്ള പ്രമുഖ നേതാവ് മുഹമ്മദ് യൂസഫ് തരി ഗാമി, കിസാൻ സഭ പ്രസിഡൻറ് അശോക് ധാവ്‌ളെ എന്നിവരും പിബിയിലെത്തും. ഇതാദ്യമായി പൊളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യവുമാണ്ടായേക്കും. രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി അമ്ര റാം, ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ കെ ബാലൻ, കെ.രാധാകൃഷ്ണൻ എന്നിവരിലൊരാൾക്കാണ് സാധ്യത. കേന്ദ്ര കമ്മിറ്റിയിൽ പ്രായപരിധിയുടെ പേരിൽ പി കരുണാകരനും, വൈക്കം വിശ്വനും ഒഴിയും. പകരം നിരവധി പേരുകൾ പരിഗണിക്കുന്നുണ്ട്.
പി.രാജീവ്, കെ എൻ.ബാലഗോപാൽ, ടി.എൻ.സീമ, പി.സതീദേവി, പി.കെ.ബിജു എന്നിവർക്ക് സാധ്യതയേറെയാണ്. മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, പി.ശ്രീരാമകൃഷ്ണൻ, സി.എസ്.സുജാത എന്നിവരും പരിഗണിക്കപ്പെടും. കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരണം പാർട്ടി കോൺഗ്രസിൽ ഉണ്ടാകാൻ ഇടയില്ലെന്നും സൂചനയുണ്ട്.