'ചെങ്കോൽ കഥ വ്യാജം, വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റി വിവരമാണോ?' ജയ്‌റാം രമേശ്
ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍
ന്യൂഡൽഹി: അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ ഇന്ത്യക്ക് സ്വർണച്ചെങ്കോൽ കൈമാറിയെന്ന കഥ വ്യാജമെന്ന് കോൺഗ്രസ്. വാട്‌സ്ആപ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലഭിച്ച വിവരമാകുമിതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പരിഹസിച്ചു. ട്വിറ്ററിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
അധികാരക്കൈമാറ്റത്തിന്‍റെ ഭാഗമായി ബ്രിട്ടൻ കൈമാറിയെന്ന് പറയപ്പെടുന്ന ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. 1947 ആഗസ്ത് 14ന് അർധരാത്രി അധികാരക്കൈമാറ്റത്തിന് 15 മിനിറ്റ് മുമ്പ് തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ നെഹ്‌റുവിന് കൈമാറി എന്നാണ് പറയപ്പെടുന്നത്. നിലവിൽ പ്രയാഗ് രാജിലെ (അലഹബാദ്) മ്യൂസിയത്തിലാണ് ചെങ്കോലുള്ളത്.
വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലഭിച്ച തെറ്റായ ആഖ്യാനങ്ങൾക്കു മുകളിൽ പുതിയ പാർലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത് അത്ഭുതകരമാണ് എന്ന് ജയറാം രമേശ് പറയുന്നു. ചെങ്കോലിനെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ;
1- മദ്രാസ് പ്രവിശ്യയിലെ മതസംഘടന, മദ്രാസ് നഗരത്തിൽ കൊത്തുപണി ചെയ്ത ഒരു ചെങ്കോൽ 1947 ആഗസ്തിൽ നെഹ്‌റുവിന് സമ്മാനിച്ചു എന്നത് സത്യമാണ്.
2- ഇത് ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി നൽകിയതാണ് എന്ന് മൗണ്ട് ബാറ്റണോ രാജാജിയോ നെഹ്‌റുവോ എവിടെയും വിശദീകരിച്ചിട്ടില്ല. ഈ അവകാശവാദങ്ങൾ വ്യാജമാണ് എന്ന് ലളിതവും വ്യക്തവുമായി പറയാം. ചിലർ വാട്‌സ്ആപ്പ് വഴി ഉണ്ടാക്കിയ വിവരമാണിത്. രാജാജിയെ കുറിച്ച് പഠിച്ച രണ്ട് ഗവേഷകർ ഈ അവകാശ വാദത്തിൽ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.
3- പിന്നീട് ഈ ചെങ്കോൽ അലഹബാദ് മ്യൂസിയത്തിൽ പ്രദർശന വസ്തുവായി സൂക്ഷിച്ചു. 1947 ഡിസംബർ 14ന് അവിടെ നെഹ്‌റു പറഞ്ഞത് പൊതുരേഖയാണ്.
4- പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ചെണ്ട കൊട്ടുകാരും ഈ ചെങ്കോൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്.