കൂട്ടബലാത്സം​ഗ കേസ്; ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷൻ മേധാവിക്ക് സസ്പെൻഷൻ

ഏപ്രിലിൽ നരെയ്ന്റെ വീട്ടിൽ വച്ചാണ് ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്.

Update: 2022-10-17 14:31 GMT
Advertising

ന്യൂഡൽഹി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷൻ മേധാവിക്ക് സസ്പെൻഷൻ. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്നെയാണ് കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കൂട്ടബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ നടപടി.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്ൻ ഐ.എ.എസും മറ്റൊരാളും ചേർന്ന് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആൻഡമാൻ നിക്കോബാർ പൊലീസിൽ നിന്ന് ഒക്ടോബർ 16ന് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

"ജിതേന്ദ്ര നരെയ്ന്റെ ഭാഗത്തു നിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചതിനാൽ, അദ്ദേഹത്തിനെതിരെ ഉടൻ കർശന നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി നിർദേശിച്ചു. അതനുസരിച്ച്, ജിതേന്ദ്ര നരെയ്നെ ഉടൻ സസ്‌പെൻഡ് ചെയ്തു. നരെയ്നെതിരെ അച്ചടക്കനടപടികൾക്കും ഉത്തരവിട്ടിട്ടുണ്ട്"- കേന്ദ്രം പ്രസ്താവനയിൽ വ്യക്തമാക്കി.

സ്ഥാനവും പദവിയും പരിഗണിക്കാതെയുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം അച്ചടക്കരാഹിത്യ നടപടികളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ

ജിതേന്ദ്ര നരെയ്ൻ, ആൻഡ‍മാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ.എൽ ഋഷി എന്നിവർക്കെതിരെ അബർഡീൻ പൊലീസാണ് കേസെടുത്തത്. പോർട്ട് ബ്ലെയർ സ്വദേശിയായ യുവതി ഓഗസ്റ്റിൽ നൽകിയ പരാതിയിൽ ഈ മാസം ഒന്നിനാണ് കേസെടുത്തത്. കേസ് അന്വേഷിക്കാൻ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

സർക്കാർ ജോലിക്കായി ശ്രമിക്കവെ ഒരു ഹോട്ടൽ ഉടമ മുഖേനയാണ് ഇരുവരെയും പരിചയപ്പെടുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഏപ്രിലിൽ നരെയ്ന്റെ വീട്ടിൽ വച്ചാണ് ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. മേയിൽ ഋഷിയുടെ വസതിയിൽ വച്ചും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.

തെളിവിനായി ചീഫ് സെക്രട്ടറിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സംഭവദിവസം അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയൽ പരേഡ് നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പരാതിക്കാരിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ സംഭവത്തിൽ ചാനൽ റിപ്പോർട്ടർക്ക് എതിരേയും വിവരങ്ങൾ ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരേയും അന്വേഷണമുണ്ടാകും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News