'പാർട്ടി മാറിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമായിരുന്നു'; എൻ.ഡി.എയെ വെട്ടിലാക്കി സേന ഷിൻഡെ പക്ഷം സ്ഥാനാർഥിയുടെ വെളിപ്പെടുത്തൽ

ഉദ്ദവ് പക്ഷത്തുനിന്ന് ഷിൻഡെയ്‌ക്കൊപ്പം ചേർന്ന രവീന്ദ്ര വൈകാർ ദിവസങ്ങൾക്കുമുൻപ് നടത്തിയ പരാമർശമാണു മുന്നണിക്കു തിരിച്ചടിയായിരിക്കുന്നത്

Update: 2024-05-12 09:49 GMT
Editor : Shaheer | By : Web Desk
Switch parties or go to jail...: Shiv Sena Shinde faction leader Ravindra Vaikar recalls situation after ED case, later clarifies, Elections 2024, Lok Sabha 2024,

ഏക്നാഥ് ഷിന്‍ഡെയ്‍ക്കൊപ്പം രവീന്ദ്ര വൈകാര്‍

AddThis Website Tools
Advertising

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡെ വിഭാഗത്തെയും എൻ.ഡി.എയെയും വെട്ടിലാക്കി സ്ഥാനാർഥിയുടെ വെളിപ്പെടുത്തൽ. ഉദ്ദവ് താക്കറെ വിഭാഗത്തിൽനിന്നു കൂടുമാറിയ രവീന്ദ്ര വൈകാർ ദിവസങ്ങൾക്കുമുൻപ് നടത്തിയ പരാമർശമാണു മുന്നണിക്കു തിരിച്ചടിയായിരിക്കുന്നത്. മറ്റു പാർട്ടികളിലേക്കു കൂടുമാറിയില്ലെങ്കിൽ ജയിലിലേക്കു പോകേണ്ടി വരുമായിരുന്നുവെന്നായിരുന്നു അദ്ദേഹം ഒരു മറാഠി മാധ്യമത്തോട് പ്രതികരിച്ചത്. മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിയാണ് വൈകാർ.

'മഹാരാഷ്ട്ര ടൈംസി'ന് കഴിഞ്ഞ വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലായിരുന്നു വിവാദമായ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു: ''ഒരു കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ശേഷം രണ്ടു കാര്യങ്ങൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്; ഒന്നുകിൽ ജയിലിൽ പോകുക, അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടികളിൽ ചേരുക. വലിയ ഹൃദയവേദനയോടെയാണ് ഞാൻ പാർട്ടി വിട്ടത്. എന്റെ ഭാര്യയുടെ പേരുപോലും കേസിലേക്കു വലിച്ചിഴയ്ക്കപ്പെട്ടതോടെ മുന്നിൽ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല.''

കഴിഞ്ഞ വർഷം രവീന്ദ്ര വൈകാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) കേസെടുത്തിരുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് കേസ്. ഹോട്ടൽ നിർമാണത്തിൽ 500 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണമുള്ളത്.

അഭിമുഖം വിവാദമായതോടെ കൂടുതൽ വിശദീകരണവുമായി വൈകാർ വാർത്താസമ്മേളനം വിളിച്ചുചേർക്കുകയും ചെയ്തു. തന്റെ പരാമർശങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''ഇ.ഡി നോട്ടിസ് ലഭിച്ച ശേഷം ഉദ്ദവ് താക്കറെയെ കാണണമെന്ന് ഞാൻ ഇടയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഈ ചെയ്യുന്നതു ശരിയല്ലെന്നു പറയണമെന്ന് ഉദ്ദവിനോട് ആവശ്യപ്പെട്ടു. എന്നാൽ, കേസ് സ്വന്തം നേരിട്ടോളണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് എന്നെ മനസിലാക്കുന്ന ശിവസേന(ഷിൻഡെ വിഭാഗത്തിൽ) ഞാൻ ചേർന്നത്''-രവീന്ദ്ര വൈകാർ വിശദീകരിച്ചു.

കേസിന്റെ സമയത്ത് ഉദ്ദവ് തനിക്കൊപ്പം നിൽക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അത്തരമൊരു നടപടിയുമുണ്ടായില്ല. അതിനുശേഷമാണു മുഖ്യന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി ചർച്ച നടന്നത്. അദ്ദേഹം തന്നെ കേൾക്കുകയും ചെയ്‌തെന്നും വൈകാർ കൂട്ടിച്ചേർത്തു.

ഉദ്ദവ് താക്കറെയുടെ അടുത്തയാളായിരുന്ന രവീന്ദ്ര വൈകാർ നിലവിൽ ജോഗേശ്വരി ഈസ്റ്റിൽനിന്നുള്ള എം.എൽ.എയാണ്. 2022 ജൂണിൽ ശിവസേനയിലുണ്ടായ പിളർപ്പിലാണ് വൈകാർ ഷിൻഡെയ്‌ക്കൊപ്പം ചേർന്നത്. അന്ന് ഉദ്ദവ് പക്ഷത്തുനിന്നു കൂറുമാറിയ 15 എം.എൽ.എമാരിലൊരാളാണ് അദ്ദേഹം. ഇത്തവണ മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ ഷിൻഡെ സേനയുടെ സ്ഥാനാർഥിയാണ്. അതേസമയം, വൈകാറിനെതിരെ അയോഗ്യതാ നോട്ടിസ് പുറത്തിറക്കിയിരിക്കുകയാണ് സേന ഉദ്ദവ് പക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായാണു മത്സരിക്കുന്നതെന്നാണു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Summary: 'Switch parties or go to jail...': Shiv Sena Shinde faction leader Ravindra Vaikar recalls situation after ED case, later clarifies

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News