സിദ്ദീഖ് കാപ്പന്റെ ഡ്രൈവർക്ക് ജാമ്യം കിട്ടിയിട്ട് രണ്ടുമാസം; ഇപ്പോഴും ജയിലിൽ തന്നെ
2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ അഞ്ചുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
ലഖ്‌നോ: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഡ്രൈവറായി അദ്ദേഹത്തിനൊപ്പം ഹാത്രസിലേക്ക് പോയ ആലമിന് ജാമ്യം ലഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാനായില്ല. യു.പി പൊലീസ് ചുമത്തിയ യു.എ.പി.എ കേസിലും ഇ.ഡി കേസിലും ആലമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ അഞ്ചുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്രസിൽ ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് ഇവർ അറസ്റ്റിലായത്. ആഗസ്റ്റ് 23-നാണ് യു.എ.പി.എ കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 31ന് പി.എം.എൽ.എ കേസിലും ജാമ്യം ലഭിച്ചു. പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാകാത്തതിനാൽ അറസ്റ്റിലായി 26 മാസത്തിന് ശേഷം ആലം ജയിലിൽ തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചും ജാമ്യം അനുവദിച്ചു. ആലമിന് വെരിഫിക്കേഷൻ നൽകാതെ അനാവശ്യമായി വൈകിപ്പിക്കുന്ന നടപടി കാപ്പന്റെ കാര്യത്തിലും തുടരുമോ എന്ന ആശങ്കയിലാണ് കുടുംബം.