യു.പിയിൽ പണം നൽകാത്തതിന് അമ്മയെ പാര കൊണ്ട് അടിച്ചുകൊന്ന് മകൻ
അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
Update: 2023-12-11 02:48 GMT


ലഖ്നൗ: പണം നൽകാൻ വിസമ്മതിച്ചതിന് 68കാരിയായ സ്ത്രീയെ മകൻ കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം യു.പിയിലെ ടിറ്റാവി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിൻഡാവലി ഗ്രാമത്തിലാണ് സംഭവം.
പെർകാഷി എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗീന്ദറിനെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ ജോഗീന്ദ്ര സിങ് അറിയിച്ചു.
അമ്മ പണം നൽകാൻ വിസമ്മതിച്ചപ്പോൾ പ്രകോപിതനായ ജഗീന്ദർ പാര കൊണ്ട് അവരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്തുതന്നെ മരിച്ചതായും എസ്എച്ച്ഒ വ്യക്തമാക്കി.
കുറ്റകൃത്യത്തിന് ഉപയോഗിച്ച പാര കണ്ടെടുത്തതായും പ്രതിയെ റിമാൻഡ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.