'സൊണാലിയെ സഹായി മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു': സി.ബി.ഐയുടെ കുറ്റപത്രം

സുധീർ സാങ്‌വൻ, സുഖ്‌വീന്ദർ സിങ് എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2022-11-22 09:37 GMT
Advertising

നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്‍പ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്ന് സി.ബി.ഐ. സൊണാലിയുടെ സഹായി നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കുകയായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. സുധീർ സാങ്‌വൻ, സുഖ്‌വീന്ദർ സിങ് എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.ബി.ഐ ഗോവ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കേസ് സി.ബി.ഐക്ക് വിടുന്നതിന് മുമ്പ് ഗോവ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അഞ്ജുന ബീച്ചിലെ നിശാക്ലബ്ബായ കുർലീസിൽ വച്ച് പ്രതികൾ മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്ന് (മെത്ത്) അടങ്ങിയ വെള്ളം സൊണാലിയെ നിര്‍ബന്ധിച്ച് കുടിപ്പിച്ചെന്ന് ഗോവ പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഗോവ പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്.

സൊണാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ സഹായികള്‍ അവര്‍ താമസിച്ചിരുന്ന ഗ്രാൻഡ് ലിയോണി എന്ന ഹോട്ടലിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം രാവിലെ സൊണാലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുർലീസ് റെസ്റ്റോറന്റിന്റെ ഉടമ എഡ്വിൻ നൂൺസിനെ മയക്കുമരുന്ന് കേസിൽ തെലങ്കാന പൊലീസ് ഈ മാസം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മാസം മുമ്പ് തെലങ്കാനയിൽ നടന്ന മയക്കുമരുന്ന് വേട്ടയെത്തുടർന്നാണ് നൂണ്‍സിനെ തേടി തെലങ്കാന പൊലീസ് എത്തിയത്. പിന്നീട് ഇയാള്‍ ജാമ്യത്തിൽ പുറത്തിറങ്ങി.

2008 മുതലാണ് സൊണാലി ഫോഗട്ട് ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News