ശ്രീരാമൻ എല്ലാവരുടേതുമാണ്, ബി.ജെ.പിയുടെ കുത്തകയല്ല: സച്ചിൻ പൈലറ്റ്
‘രാമക്ഷേത്രമെന്ന വൈകാരിക വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് തെറ്റ്’


ന്യൂഡൽഹി: ശ്രീരാമന്റെ പേരിൽ ബി.ജെ.പി വോട്ട് തേടുന്നതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബി.ജെ.പി എത്ര ശ്രമിച്ചാലും മതത്തിന്റേയോ ശ്രീരാമന്റെയോ മേലുള്ള കുത്തക തീർക്കാൻ അവർക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘രാമൻ എല്ലാവരുടേതുമാണ്, സർവ്വവ്യാപിയുമാണ്. രാമനെ ഒരു പാർട്ടിയിലോ സർക്കാറിലോ മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമം വെറുതെയാകും’ -പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സച്ചിൻ പൈലറ്റ് പറഞ്ഞു.
‘എല്ലാ കക്ഷികൾക്കും സ്വീകാര്യമായ അന്തിമ വിധി സുപ്രിംകോടതിയിൽനിന്ന് വന്നതോടെയാണ് രാമക്ഷേത്രം നിർമ്മിച്ചത്. എന്താണ് വേണ്ടതെന്ന് തീരുമാനിച്ചത് സുപ്രിംകോടതി ആണെന്നതാണ് സത്യം. മറ്റെല്ലാവരെയും പോലെ കോൺഗ്രസിലെ ഞങ്ങളും അതിനെ സ്വാഗതം ചെയ്തു. അത് എല്ലാ തർക്കങ്ങൾക്കും വിരമാമിട്ടു’ -സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
‘ഞങ്ങൾ എല്ലാവരും ക്ഷേത്രനിർമ്മാണത്തെ സ്വാഗതം ചെയ്തു. ആർക്കാണ് അതിനെ എതിർക്കാൻ കഴിയുക? എന്നാൽ, ഈ വൈകാരിക വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് തെറ്റാണ്. കാരണം ഭരണകൂടത്തിനും മതത്തിനും വ്യത്യസ്ത അസ്തിത്വങ്ങളാണ്. യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാവുക. കർഷകരുടെ വിളകൾക്ക് കുറഞ്ഞ താങ്ങുവില കോൺഗ്രസ് ഗാരന്റി നൽകുന്നു.
നമ്മുടെ വർത്തമാനത്തിലും ഭാവിയിലും പ്രസക്തമായ വിഷങ്ങൾ ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാകും. ഭരണഘടനാ സ്ഥാപനങ്ങളെ ആസൂത്രിതമായി തർക്കാനുള്ള സമീപകാല ശ്രമങ്ങൾ അത്തരത്തിലുള്ള വിഷയമാകും’ -സച്ചിൻ പൈലറ്റ് പറഞ്ഞു.
‘തെരഞ്ഞെടുപ്പുകൾ നീതിയുക്തവും സുതാര്യവും വിശ്വസനീയവുമാകണം. കൂടാതെ അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആഴത്തിൽ വേരൂന്നിയ ജനാധിപത്യത്തെ പ്രതിഫലിപ്പിക്കുകയും വേണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി ഭൂരിപക്ഷം നേടുമെന്നതിൽ ഉറപ്പുണ്ട്. നിലവിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായ പാർട്ടികൾക്ക് 2019ൽ ലഭിച്ചത് 65 ശതമാനം വോട്ടാണ്. എൻ.ഡി.എക്ക് 35 ശതമാനം മാത്രമാണ് ലഭിച്ചത്. അതിനെക്കുറിച്ച് ധാരണയുള്ളതിനാലാണ് അവർ പ്രതിപക്ഷത്തുനിന്ന് നേതാക്കളെ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നത്’ -സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.