'സമൂഹത്തിന്റെ നിശബ്ദതയിൽ സ്തംഭിച്ചു പോയി, ലജ്ജിക്കുന്നു'; ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൽ ശബാന ആസ്മി
വിട്ടയച്ച പ്രതികളെ അഭിനന്ദിക്കുകയും ലഡ്ഡു വിതരണം ചെയ്യുന്നതും കണ്ടു. ഇതിലൂടെ സമൂഹത്തിനും സ്ത്രീജനങ്ങൾക്കും നൽകുന്ന സന്ദേശമെന്താണെന്നും ശബാന ആസ്മി ചോദിച്ചു
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ കഴിഞ്ഞ മാസം മോചിപ്പിച്ചതിൽ നാണക്കേടും ഭയവും തോന്നുന്നതായി നടി ശബാന ആസ്മി. അനീതിയിലും സമൂഹത്തിന്റെ നിശബ്ദതയിലും സ്തംഭിച്ചു പോയി. തനിക്ക് ലജ്ജ തോന്നുന്നുണ്ടെന്നും അവർ വ്യക്തമാക്കി. എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ശബാനയുടെ പരാമർശം.
2002 ലെ ഗുജറാത്ത് കലാപത്തിൽ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുമ്പോൾ ബിൽക്കീസ് ബാനുവിന് 21 വയസ്സായിരുന്നു. മൂന്ന് വയസ്സുള്ള മകളെ കല്ലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തി. അഞ്ച് മാസം ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ''ബിൽക്കീസ് ബാനു നേരിട്ടത് ക്രൂരമായ ആക്രമണമാണ്, എന്നിട്ടും അവൾ ധൈര്യം കൈവിട്ടില്ല. അവൾ ധീരമായി പോരാടി. ഒടുവിൽ കോടതി പ്രതികളെ ശിക്ഷിച്ചു. ജീവിതം മുന്നോട്ട് കൊണ്ടു പോകുമ്പോൾ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും അവളെ പരിഹസിക്കുന്നു''- ശബാന ആസ്മി പറഞ്ഞു.
''ബിൽക്കീസ് ബാനുവിന് വേണ്ടി പോരാടേണ്ടതില്ലെ? അവൾക്കു വേണ്ടി ശബ്ദിക്കേണ്ടതില്ലേ? ഈ രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നുന്ന സ്ത്രീകൾ, അനുദിനം ബലാത്സംഗ ഭീഷണി നേരിടുന്ന സ്ത്രീകൾ, അവർക്ക് സുരക്ഷ വേണ്ടേ?''- ശബാന ആസ്മി ചോദിച്ചു. ബിൽക്കീസ് ബാനുവിന് നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ അടുത്തിടെ നടന്ന വിദ്യാർത്ഥികളുടെയും വനിതാ സംഘടനകളുടെയും പ്രതിഷേധത്തിൽ ശബാന ആസ്മി പങ്കെടുത്തിരുന്നു. രോഷത്തിന്റെ പ്രവാഹമുണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും അവർ വ്യക്തമാക്കി. എന്നാൽ മാധ്യമങ്ങൾ ഇക്കാര്യം വേണ്ടവിധം ഏറ്റെടുത്തില്ലെന്നും ശബാന വിമർശിച്ചു. 11 പ്രതികളെ വിട്ടയച്ച കാര്യം പലർക്കും അറിയില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിട്ടയച്ച പ്രതികളെ അഭിനന്ദിക്കുകയും ലഡ്ഡു വിതരണം ചെയ്യുന്നതും കണ്ടു. ഇതിലൂടെ സമൂഹത്തിനും സ്ത്രീജനങ്ങൾക്കും നൽകുന്ന സന്ദേശമെന്താണെന്നും അവർ ചോദിച്ചു. രാജ്യത്തെ സ്ത്രീകൾ നിസ്സഹായരാണെന്നും ശബാന പറഞ്ഞു. ബിൽക്കീസ് ബാനുവിന്റെ കേസിൽ എന്ത്‌കൊണ്ടാണ് ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നിശബ്ദത പാലിക്കുന്നതെന്നും അവർ ചോദിച്ചു. ''എന്ത്‌കൊണ്ടാണ് ബി.ജെ.പിയിലെ സ്ത്രീകളും നിശബ്ദത പാലിക്കുന്നത്? നമുക്ക് മനുഷ്യത്വം നഷ്ടപ്പെട്ടോ? നമ്മൾ എവിടേക്കാണ് നീങ്ങുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു'' ശബാന ആസ്മി വിശദമാക്കി.