നൂഹ് സംഘർഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനം; സുദർശൻ ന്യൂസ് മാനേജിങ് എഡിറ്റർ അറസ്റ്റിൽ
ഗുരുഗ്രാം സെക്ടർ 17ൽനിന്ന് ഒരുസംഘം ആയുധധാരികൾ മുകേഷ് കുമാറിനെ തട്ടിക്കൊണ്ടുപോയെന്ന് സുദർശൻ ന്യൂസ് ആരോപിച്ചു
ചണ്ഡിഗഢ്: നൂഹിലെ വർഗീയ സംഘർഷത്തിൽ സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റിട്ട സുദർശൻ ന്യൂസ് എഡിറ്റർ അറസ്റ്റിൽ. ചാനൽ മാനേജിങ് എഡിറ്റർ മുകേഷ് കുമാറിനെയാണ് ഗുരുഗ്രാം സൈബർ സ്‌റ്റേഷൻ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
നൂഹിലും അയൽജില്ലകളിലും വർഗീയ സംഘർഷം രൂക്ഷമായതിനു പിന്നാലെയായിരുന്നു മുകേഷിന്റെ പ്രകോപനപരമായ പോസ്റ്റ്. ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കാൻ ഖത്തർ ചാനൽ അൽജസീറ ഗുരുഗ്രാം പൊലീസിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നായിരുന്നു ഇയാൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ആഗസ്റ്റ് എട്ടിനാണ് പോസ്റ്റിട്ടത്.
അൽജസീറ ഗുരുഗ്രം പൊലീസിനെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ട്വീറ്റിൽ ആരോപിക്കുന്നു. ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കാനുള്ള സമ്മർദനീക്കമാണിത്. ഇതിനുശേഷം ഗുരുഗ്രാം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വലിയ സമ്മർദത്തിലാണെന്നും കണ്ടിടത്തുനിന്നെല്ലാം ഹിന്ദു പ്രവർത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയാണെന്നും ഹരിയാന മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മുകേഷ് കുമാർ ട്വീറ്റ് ചെയ്തു.
അതേസമയം, ഗുരുഗ്രാം സെക്ടർ 17ൽനിന്ന് മുകേഷിനെ കാറിൽനിന്ന് ഒരുസംഘം ആയുധധാരികൾ തട്ടിക്കൊണ്ടുപോയെന്ന് സുദർശൻ ന്യൂസ് ആരോപിച്ചു. വർഷങ്ങളായി ഹിന്ദുക്കളുടെ ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുന്നയാളാണ് മുകേഷ് എന്നും മേവാത്തിലെ അക്രമങ്ങൾ രാജ്യത്തിനുമുൻപിൽ പുറത്തുകൊണ്ടുവന്നയാളാണെന്നും ചാനൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Summary: Sudarshan News Managing Editor Mukesh Kumar arrested over 'inflammatory' post on Nuh violence