'99 ശതമാനം ബാറ്ററിയുള്ള ഇവിഎമ്മിലെ വോട്ട് മുഴുവൻ ബിജെപിക്ക്'-ആരോപണവുമായി സ്വര ഭാസ്‌കർ

അജിത് പവാർ എൻസിപി നേതാവ് നവാബ് മാലികിന്റെ മകൾ സന മാലികാണ് മഹായുതി സ്ഥാനാർഥി

Update: 2024-11-23 10:29 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ക്രമക്കേട് ആരോപിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കർ. ഭർത്താവ് ഫഹദ് അഹ്മദ് മത്സരിക്കുന്ന അണുശക്തി നഗറിലാണ് താരം വോട്ടെണ്ണലിനിടെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശരദ് പവാർ എൻസിപി സ്ഥാനാർഥിയാണ് ഫഹദ്.

മണ്ഡലത്തിൽ ഫഹദ് അഹ്മദ് കൃത്യമായ ലീഡ് നിലനിർത്തിയ ശേഷം 17, 18, 19 റൗണ്ടുകളിൽ 99 ശതമാനം ബാറ്ററി ചാർജുള്ള ഇവിഎമ്മുകൾ തുറന്നപ്പോൾ ബിജെപി പിന്തുണയുള്ള സ്ഥാനാർഥിക്കായി ലീഡെന്ന് സ്വര ചൂണ്ടിക്കാട്ടി. അജിത് പവാർ എൻസിപി സ്ഥാനാർഥിയാണു മുന്നിലെത്തിയത്. ദിവസം മുഴുവൻ വോട്ടിങ് നടന്നിട്ടും എങ്ങനെയാണ് മെഷീനുകളിൽ 99 ശതമാനം ചാർജുണ്ടാകുക? 99 ശതമാനം ചാർജുള്ള ബാറ്ററികളെല്ലാം എങ്ങനെയാണ് ബിജെപിക്കും സഖ്യകക്ഷികൾക്കും വോട്ട് നൽകുന്നതെന്നും സ്വര ഭാസ്‌കർ ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷനെയും കോൺഗ്രസിനെയും ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, സഞ്ജയ് റാവത്ത്, സുപ്രിയ സുലെ എന്നിവരെ ടാഗ് ചെയ്താണ് സ്വര ആരോപണമുയർത്തിയത്. നേരത്തെ, ഫഹദ് അഹ്മദും എക്‌സിൽ ആരോപണമുയർത്തിയിരുന്നു. 16 റൗണ്ട് വരെ കൃത്യമായി മുന്നിൽനിന്ന ശേഷമാണ് അജിത് പവാർ എൻസിപി സ്ഥാനാർഥി ഇരട്ടിയിലേറെ ലീഡ് നേടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 16, 17, 18, 19 റൗണ്ടുകളിൽ റീകൗണ്ടിങ് നടത്തണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്.

അണുശക്തി നഗറിൽ അജിത് പവാർ എൻസിപി നേതാവ് നവാബ് മാലികിന്റെ മകൾ സന മാലികാണ് മഹായുതി സ്ഥാനാർഥി. തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽനിന്നുള്ള ഒടുവിലത്തെ വിവരം പ്രകാരം 3,378 വോട്ടിന്റെ ഭൂരിപക്ഷത്തിന് സന മുന്നിട്ടുനിൽക്കുകയാണ്. ഇവർക്ക് 49,341 വോട്ട് ലഭിച്ചപ്പോൾ 45,963 വോട്ടുമായി ഫഹദ് അഹ്മദ് തൊട്ടുപിന്നിലുണ്ട്. അതേസമയം, ശിവാജി നഗറിൽ നവാബ് മാലിക് പിന്നിലാണുള്ളത്. സമാജ്‌വാദി പാർട്ടിയുടെ അബു അസ്മിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

Summary: 'All votes in EVMs with 99 percent battery life go to BJP' - Swara Bhaskar reacts after husband Fahad Ahmad trailing to Ajit Pawar NCP's Sana Malik in Maharashtra's Anushakti Nagar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News