റിപ്പബ്ലിക് ദിനത്തിലെ പോസ്റ്റ്; നടി സ്വര ഭാസ്കറിന്‍റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു
തനിക്കെതിരെയുള്ള നടപടി പരിഹാസയവും ന്യായീകരണമർഹിക്കാത്തതെന്നും താരം പറഞ്ഞു


മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കറിന്‍റെ എക്സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് നടി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത് . റിപ്പബ്ലിക് ദിനത്തിൽ താൻ പങ്കുവെച്ച രണ്ട് ചിത്രങ്ങളാണ് തന്‍റെ അക്കൗണ്ട് എന്നെന്നേക്കുമായി സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് സ്വര വ്യക്തമാക്കി.
'ഗാന്ധീ, നിങ്ങളുടെ ഘാതകർ ഇപ്പോഴും ജീവിക്കുന്നു എന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നു' എന്നായിരുന്നു സ്വര ഭാസ്കർ എക്സിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം. മറ്റൊന്ന്, കൈയിൽ ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന തന്‍റെ കുട്ടിയുടെ ചിത്രമായിരുന്നു. കുട്ടിയുടെ മുഖം മറച്ചുവെച്ചായിരുന്നു ചിത്രം പങ്കുവെച്ചത്. ഇത് രണ്ടിലും പകർപ്പവകാശനിയമലംഘനം ചൂണ്ടിക്കാട്ടിയാണ് എക്സ് നടപടിയെടുത്തിരിക്കുന്നതെന്നാണ് സ്വര പറയുന്നത്.
തനിക്കെതിരെയുള്ള നടപടി പരിഹാസയവും ന്യായീകരണമർഹിക്കാത്തതെന്നും താരം പറഞ്ഞു. എക്സ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടടക്കം പങ്കുവെച്ചു കൊണ്ടാണ് സ്വര ഭാസ്കറിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈ ചിത്രങ്ങൾക്കെതിരെ ലഭിച്ച മാസ് റിപ്പോർട്ടിങ്ങാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് തങ്ങൾ നീങ്ങിയതെന്ന് എക്സ് അയച്ച സന്ദേശത്തിൽ പറയുന്നു. ഈ നടപടി തന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് നടി വ്യക്തമാക്കുന്നു.