തമിഴ്‌നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു

ഓൺലൈൻ ഗെയിമുകൾ കളിച്ച് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകൾ വർധിച്ചതോടെ ഇത്തരം ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു.

Update: 2022-10-08 05:38 GMT
Advertising

ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും.

ഓൺലൈൻ ഗെയിമുകൾ കളിച്ച് സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകൾ വർധിച്ചതോടെ ഇത്തരം ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സമിതി ജൂൺ 27ന് മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു.

റിപ്പോർട്ട് അന്നുതന്നെ മന്ത്രിസഭയുടെ മുന്നിലെത്തി. തുടർന്ന്, പൊതുജനങ്ങളുടെ അഭിപ്രായം തേടി. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയാറാക്കി. ആഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണു ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്.

ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുന്നതിനായി ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി രൂപീകരിക്കാനും ഓർഡിനൻസ് നിർദേശിച്ചിട്ടുണ്ട്. ഐ.ജി റാങ്കിൽ കുറയാത്ത വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് അംഗങ്ങൾ ബോഡിയിലുണ്ടാകും. വിവരസാങ്കേതികവിദ്യയിലും ഓൺലൈൻ ഗെയിമിംഗിലെയും വിദഗ്ധരും ഒരു പ്രമുഖ മനഃശാസ്ത്രജ്ഞനും ഇതിൽ അംഗങ്ങളായിരിക്കും.

ഓൺലൈൻ ചൂതാട്ടം, ഓൺലൈൻ ഗെയിം, ഓൺലൈൻ ഭാഗ്യപരീക്ഷണക്കളികൾ എന്നിവയെ ഓർഡിനൻസിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടത്തിലോ ഓൺലൈൻ ഗെയിമിലോ ഏർപ്പെടുന്നവർക്ക് മൂന്ന് മാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. നിരോധിത ഗെയിമുകളെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളിൽ ആരെങ്കിലും പരസ്യം ചെയ്യുകയോ ഉണ്ടാക്കുകയോ ചെയ്താൽ, ബന്ധപ്പെട്ട വ്യക്തിക്ക് ഒരു വർഷം തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ദാതാവിന്, ഓർഡിനൻസിൽ മൂന്ന് വർഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാദേശികമല്ലാത്ത ഓൺലൈൻ ഗെയിമുകൾ നൽകുന്നവർക്കും ഓർഡിനൻസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News