'500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ; ഒറ്റ വിദ്യ'-നോട്ട് പിന്‍വലിച്ച നടപടിയില്‍ പ്രതികരിച്ച് എം.കെ സ്റ്റാലിൻ

2000 രൂപാ നോട്ട് പുറത്തിറക്കിയതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് പുതിയ നീക്കത്തിന് ആർ.ബി.ഐ വിശദീകരണം

Update: 2023-05-20 05:54 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: 2000 രൂപാ നോട്ട് പിൻവലിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കർണാടകയിൽ ബി.ജെ.പി നേരിട്ട കനത്ത പരാജയം മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ട്വിറ്ററിലാണ് സ്റ്റാലിന്റെ പ്രതികരണം. '500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ. കർണാടക ദുരന്തം മറച്ചുവയ്ക്കാനുള്ള ഒറ്റ വിദ്യ'-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.

Summary: '2000 currency note withdrawal is a ploy to cover up the BJP’s miserable failure in Karnataka Assembly Polls', says Tamil Nadu CM MK Stalin

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News