'ഒരു നിർബന്ധിത മൂന്നാം ഭാഷയുടെ ആവശ്യം തമിഴ്നാടിനില്ല'; കോൺഗ്രസ് എംപി കാർത്തി ചിദംബരം
ഹിന്ദി ഭാഷ ബിജെപിയുടെ അജണ്ടയാണെന്നും സംസ്ഥാനത്തിന്റെ സാംസ്കാരിക ചരിത്രം വളച്ചൊടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി


ന്യൂ ഡൽഹി : തമിഴ്നാടിന് മൂന്നാമത് ഒരു ഭാഷയുടെ ആവശ്യമില്ലെന്നും തമിഴും ഇംഗ്ലീഷും അടങ്ങുന്ന ദ്വിഭാഷാ പാഠ്യപദ്ധതി സംസ്ഥാനത്തിന് നല്ല സേവനം നൽകുന്നുണ്ടെന്നും കോൺഗ്രസ് ലോക്‌സഭാ എംപി കാർത്തി ചിദംബരം.
മൂന്നാം ഭാഷയായി ഹിന്ദി ഭാഷ വന്നാൽ അത് കൂടുതൽ ആഘാതങ്ങൾക്ക് നയിക്കുമെന്നും കോൺഗ്രസ്സ് എംപി പറഞ്ഞു. ഹിന്ദി ഭാഷ സ്കൂളുകളിലേക്ക് വന്നാൽ അത് പഠിപ്പിക്കാൻ അധ്യാപകർ വേണ്ടി വരും. ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകരുടെ കുറവ് തമിഴ്നാട്ടിലുണ്ടാവും. അത് വഴി തമിഴരല്ലാത്തവരെ സർക്കാർ സ്കൂളുകളിലേക്ക് ജോലിക്കെടുക്കേണ്ടി വരുമെന്നും കാർത്തി ചിദംബര പറഞ്ഞു. ഇംഗ്ലീഷ് ഭാഷ തമിഴ്നാടിനെ ആഗോള ശാസ്ത്ര, വാണിജ്യ മേഖലകളുമായി ബന്ധിക്കുമ്പോൾ ഹിന്ദി ഭാഷ ബിജെപിയുടെ അജണ്ടയാണെന്നും സംസ്ഥാനത്തിന്റെ സാംസ്കാരിക ചരിത്രം വളച്ചൊടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചെന്നൈയിൽ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ബിജെപി നടത്തിയ ഒപ്പുശേഖരണ പ്രചാരണത്തെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ വിമർശിച്ചു. ബിജെപി തമിഴ്‌നാട് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. "ബിജെപി പ്രവർത്തകർ സ്കൂൾ കുട്ടികളെ തടയുകയും, അവർക്ക് ബിസ്‌ക്കറ്റ് നൽകുകയും, ഭാഷാ പ്രശ്‌നത്തെക്കുറിച്ചുള്ള ഒരു പേപ്പറിൽ ഒപ്പിടാൻ അപേക്ഷിക്കുകയും ചെയ്യുന്നു. ബിജെപിക്ക് ഒരിക്കലും തമിഴ്‌നാടുമായി യഥാർത്ഥ ബന്ധം സ്ഥാപിക്കാൻ കഴിയില്ല. അവർ തമിഴ്‌നാട് വിരുദ്ധരാണ്, അത്തരം വഞ്ചനാപരമായ തന്ത്രങ്ങൾ ഇവിടെ വിജയിക്കില്ല," ടാഗോർ പറഞ്ഞു.