ഡി.എം.കെ സര്‍ക്കാറിനെതിരെ പ്രതിഷേധം; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് തമിഴ്‌നാട്ടിലെ ഗ്രാമീണർ

ഏകനാപുരത്തെ 1400 വോട്ടര്‍മാരില്‍ സര്‍ക്കാര്‍ ജീവനക്കാരായ 21 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്

Update: 2024-04-20 05:17 GMT
Advertising

ചെന്നൈ: ഡി.എം.കെ സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ നിരവധി ഗ്രാമീണർ ഇന്നലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. കാഞ്ചിപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഇന്നലെ വോട്ട് ചെയ്തില്ല. പരന്തൂരില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാനുള്ള സംസ്ഥാനത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ 600 ദിവസത്തിലേറെയായി ഇവർ സമരം ചെയ്ത് വരികയാണ്. ഏകനാപുരത്തെ 1400 വോട്ടര്‍മാരില്‍ സര്‍ക്കാര്‍ ജീവനക്കാരായ 21 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. നാട്ടുക്കാരും കര്‍ഷകരും വോട്ട് ചെയ്തില്ല.

ചെന്നൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം പരന്തൂരില്‍ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതിക്കായി ഏകനാപുരത്തിലേയും പരിസര ഗ്രാമങ്ങളിലേയും ഭൂമി ഏറ്റെടുക്കേണ്ടതായി വരും. ഭൂമിയേറ്റെടുക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും സര്‍ക്കാര്‍ ജോലിയും, വീടിന് പകരം ഭൂമിയും നല്‍കുമെന്നും കൂടാതെ വിപണി വിലയുടെ 3.5 ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, പദ്ധതി തങ്ങളുടെ കൃഷിഭൂമി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ ഇതിനെ എതിര്‍ത്തു. ജലസ്രോതസ്സുകളെയും പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, 2022 ഡിസംബറില്‍ കുടിവെള്ള ടാങ്കില്‍ മനുഷ്യമലം കലര്‍ത്തിയ പ്രതികളെ ഇത് വരെ പൊലീസ് കണ്ടെത്താത്തതില്‍ പുതുക്കോട്ട ജില്ലയിലെ വേങ്ങൈവയല്‍ ഗ്രാമവാസികള്‍ രോഷാകുലരാണ്. ദലിതര്‍ മാത്രം താമസിക്കുന്ന പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യുന്നതാണ് ഈ ടാങ്ക്. ഇതിനെതുടര്‍ന്ന് 60ലധികം ദളിത് കുടുംബങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും വീടിനു മുകളില്‍ കരിങ്കൊടി സ്ഥാപിക്കുകയും ചെയ്തു.

കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ കടലൂര്‍ ജില്ലയിലെ മുത്തനൈ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നാല് ഗ്രാമങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. നാഗപട്ടണത്തെ നമ്പ്യാര്‍ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നതില്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തിരുവണ്ണാമലൈ ജില്ലയിലെ മൊതക്കല്‍ ഗ്രാമത്തിലെ 500 ഓളം ദളിത് കുടുംബങ്ങളും വോട്ട് ചെയ്യാന്‍ എത്തിയില്ല.

തിരുവള്ളൂര്‍ ജില്ലയിലെ കുമാരരാജിപേട്ട ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ പൊളിക്കേണ്ടി വന്ന സര്‍ക്കാര്‍ പദ്ധതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ആളുകള്‍ തെഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും വോട്ടര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വോട്ട് ചെയ്യില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. ഈ ബഹിഷ്‌കരണങ്ങളോട് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഓഫീസ് പ്രതികരിച്ചിട്ടില്ല.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News