'ഡാൻസ് ചെയ്തില്ലെങ്കിൽ സസ്‌പെൻഷൻ'; ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ ഭീഷണിപ്പെടുത്തി തേജ് പ്രതാപ് യാദവ്
ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജ് പ്രതാപ് യാദവ്.
പട്‌ന: ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ നടപടി വിവാദത്തിൽ. ഡാൻസ് ചെയ്തില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യുമെന്നായിരുന്നു യൂണിഫോമിലുള്ള പൊലീസുകാരനോട് തേജ് പ്രതാപ് യാദവ് പറഞ്ഞത്. വെള്ളിയാഴ്ച ഹോളി ആഘോഷത്തിനിടെ ആയിരുന്നു സംഭവം.
ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജ് പ്രതാപ് യാദവ്. ആളുകളുടെ വസ്ത്രങ്ങളിൽ കളറുകൾ പൂശിയ ശേഷം അത് വലിച്ചുകീറുന്ന 'കുർത്ത ഫാദ്' പരിപാടിയിലും തേജ് പ്രതാപ് പങ്കെടുത്തിരുന്നു. തേജ് പ്രതാപിന്റെ അനുയായികൾ ഒരാളെ നിലത്തേക്ക് തള്ളിയിട്ട് അയാളുടെ എതിർപ്പ് വകവെക്കാതെ പാന്റ് വലിച്ചുകീറുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
Tej Pratap Yadav is an absolute disaster.
— Roshan Rai (@RoshanKrRaii) March 15, 2025
Will single handedly become the reason for RJD and Tejasvi's downfall.
Asking a cop in his security to dance in uniform and threatening him of suspension if he refuses.
Shameful! pic.twitter.com/rALHDThWeQ
തേജ് പ്രതാപിന്റെ നടപടിക്കെതിരെ ബിജെപിയും ജെഡിയുവും രംഗത്തെത്തി. ഇത്തരം പ്രവൃത്തികൾ ബിഹാറിൽ അനുവദിക്കില്ലെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു. ബിഹാറിൽ ജംഗിൾ രാജ് അവസാനിച്ചു. എന്നിട്ടും ലാലുവിന്റെ മകൻ തന്റെ നിർദേശം പാലിക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണ്. ബിഹാർ മാറിക്കഴിഞ്ഞു, ഇത്തരം കാര്യങ്ങൾക്ക് ബിഹാറിൽ ഇടമില്ലെന്ന് ലാലു കുടുംബം മനസ്സിലാക്കണമെന്നും പ്രസാദ് വ്യക്തമാക്കി.
ഇവരെ അധികാരത്തിൽ നിന്ന് പുറത്തുനിർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവമെന്നായിരുന്നു ബിജെപി വക്താവ് ഷെഹസാദ് പൂനവാലയുടെ പ്രതികരണം. അച്ഛൻ ലാലുവിനെപ്പോലെ തന്നെയാണ് മകനും. അന്ന് അച്ഛൻ നിയമങ്ങൾ സ്വന്തം താത്പര്യത്തിന് വളച്ചൊടിച്ചു. അധികാരം നഷ്ടമായിട്ടും നിയമം പാലിക്കുന്നവരെ ഭീഷണിപ്പെടുത്താനാണ് മകൻ ശ്രമിക്കുന്നതും ഷെഹസാദ് പറഞ്ഞു.