'വൈകിപ്പോയി'; മണിപ്പൂരിനെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ പരാമർശത്തിൽ പ്രതികരണവുമായി തേജസ്വി യാദവ്

''പ്രധാനമന്ത്രി എപ്പോഴും നിശബ്ദനാണ്, മണിപ്പൂര്‍ വിഷയത്തില്‍ മാത്രമല്ല, കർഷകർ, പീഡനത്തിനിരയായ ഗുസ്തിക്കാര്‍ എന്നിവരൊടെക്കെ ഈ നിശബ്ദത കാണാനാകും''

Update: 2024-06-11 09:43 GMT
Editor : rishad | By : Web Desk
Advertising

പറ്റ്ന: മണിപ്പൂരിനെക്കുറിച്ചുള്ള ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. വൈകിപ്പോയ പ്രസ്താവന എന്നായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം.

''പ്രധാനമന്ത്രി എപ്പോഴും നിശബ്ദനാണ്, മണിപ്പൂര്‍ വിഷയത്തില്‍ മാത്രമല്ല, കർഷകർ, പീഡനത്തിനിരയായ ഗുസ്തിക്കാര്‍ എന്നിവരോടെക്കെ ഈ നിശബ്ദത കാണാനാകും. മോഹന്‍ ഭാഗവത് സംസാരിച്ചു, എന്നാല്‍ അത് വൈകിപ്പോയി''- ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് പറഞ്ഞു.

അതേസമയം മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശത്തിൽ ബി.ജെ.പി പ്രതിരോധത്തിലായി. പരാമർശം നരേന്ദ്ര മോദിക്കുള്ള വിമർശനമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മണിപ്പൂരിൽ പോകാത്ത മോദി ആർഎസ്എസ് മേധാവിയുടെ വാക്കുകൾ കേൾക്കുമോ എന്ന് ജയ്‌റാം രമേശ് ചോദിച്ചു. മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആർഎസ്എസിന്റെ ആവശ്യമെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.

നാഗ്പൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയായ കാര്യകര്‍ത്ത വികാസ് വര്‍ഗിന്റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്‌ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന വരുന്നത്. 

പ്രചാരണഘട്ടത്തില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളെ പരോക്ഷമായി സൂചിപ്പിച്ചും ഭാഗവത് വിമര്‍ശനം തുടരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മര്യാദയും സഭ്യതയും പാലിക്കപ്പെട്ടില്ല. ഇരു വിഭാഗവും വ്യക്തിയധിക്ഷേപത്തിലേക്കും ആക്രമണത്തിലേക്കും നീങ്ങി. സാമൂഹിക ധ്രുവീകരണത്തിനും മാനസികവും സാമൂഹികവുമായ അകല്‍ച്ചയ്ക്കും ഇടയാക്കുന്ന പ്രചാരണതന്ത്രങ്ങളുടെ ആഘാതത്തെ പൂര്‍ണമായി അവഗണിച്ചു. ഒരു കാര്യവുമില്ലാതെ ആര്‍.എസ്.എസ് പോലെയുള്ള സംഘടനകളെ വലിച്ചിഴച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് കള്ളങ്ങള്‍ പ്രചരിപ്പിച്ചു. ഇങ്ങനെയാണോ വിവര സാങ്കേതിക വിദ്യാകളെ ഉപയോഗിക്കേണ്ടത്? എത്രകാലം രാജ്യം ഇങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News