തെലങ്കാനയിലെ ഹിന്ദുക്കൾ ഔറംഗസേബിന്‍റെ ശവകുടീരം പൊളിച്ചുമാറ്റും; പ്രകോപന പരാമര്‍ശവുമായി ബിജെപി എംഎൽഎ

ഹൈദരാബാദിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സിങ്ങിന്‍റെ പ്രകോപനപരമായ പരാമര്‍ശം

Update: 2025-04-08 07:35 GMT
Editor : Jaisy Thomas | By : Web Desk
T Raja Singh
AddThis Website Tools
Advertising

ഹൈദരാബാദ്: മുഗൾ ഭരണാധികാരി ഔറംഗസേബിന്‍റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വെല്ലുവിളിയുമായി തെലങ്കാന ബിജെപി എംഎൽഎ. തെലങ്കാനയിലെ ഹിന്ദുക്കൾ മഹാരാഷ്ട്രയിലെ ഔറംഗസേബിന്‍റെ ശവകുടീരം പൊളിച്ചുമാറ്റുമെന്ന് ഗോഷമാലിൽ നിന്നുള്ള എംഎൽഎയായ ടി.രാജാ സിങ് പറഞ്ഞു. ഹൈദരാബാദിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സിങ്ങിന്‍റെ പ്രകോപനപരമായ പരാമര്‍ശം.

വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജാ സിങ് ഹിന്ദുക്കളോട് മഹാരാഷ്ട്രയിലേക്ക് പോയി ഔറംഗസേബിന്‍റെ ശവകുടീരം തകർക്കാൻ ആവശ്യപ്പെട്ടു. ഇത് ചെയ്യാനുള്ള സമയവും തിയതി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോടും നേരിട്ട് അഭ്യർഥിച്ചു. "തെലങ്കാനയിൽ നിന്നുള്ള ഹിന്ദുക്കളായ ഞങ്ങൾ വന്ന് ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യും," അദ്ദേഹം പറഞ്ഞു.തെലങ്കാനയിലെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്കിടെയാണ് രാജാ സിങ്ങിന്‍റെ പ്രസ്താവന. എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയും അദ്ദേഹത്തിന്‍റെ പാർട്ടി അംഗങ്ങളും നഗരത്തിലെ നിരവധി വഖഫ് ഭൂമികൾ പിടിച്ചെടുത്ത് വിറ്റതായി സിങ് ആരോപിച്ചു. ആരോപണവിധേയമായ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

വഖഫ് നിയമം രാജ്യത്ത് ഭൂമി ജിഹാദിന് അറുതി വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വതന്ത്രമായപ്പോൾ "വഖഫ് ബോർഡിന് ഏകദേശം 4,000 ഏക്കർ ഭൂമിയുണ്ടായിരുന്നു. അവർക്ക് എങ്ങനെയാണ് 9.5 ലക്ഷം ഏക്കർ ലഭിച്ചത്?" അദ്ദേഹം ചോദിച്ചു. പുതിയ നിയമം മുസ്‍ലിം പൗരന്മാരുടെ ഭൂമി അപഹരിക്കില്ലെന്ന് സിങ് അവകാശപ്പെട്ടു. "സ്വത്ത് തട്ടിയെടുക്കുന്നതിനെക്കുറിച്ചല്ല ഇത് എന്ന് മുസ്‍ലിംകൾ മനസിലാക്കണം. നീതിയെക്കുറിച്ചാണ്'' പ്രധാനമന്ത്രി മോദിയുടെ "സബ്കാ സാത്ത്, സബ്കാ വികാസ്" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഉവൈസിയെ ലക്ഷ്യം വച്ചുകൊണ്ട് സിങ് അദ്ദേഹത്തെ മുസ്‍ലിംകളുടെ ഏറ്റവും വലിയ ശത്രു എന്ന് വിളിച്ചു. ഭേദഗതി ചെയ്ത നിയമത്തെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഉവൈസി നൽകിയ ഹരജിക്ക് യാതൊരു ഫലവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പുതിയ നിയമം ഹിന്ദു, ജൈന, സിഖ് മത ജീവകാരുണ്യ ഫണ്ടുകൾക്ക് ഇപ്പോഴും ബാധകമാകുന്ന നിയമപരമായ സംരക്ഷണങ്ങൾ വഖഫുകൾക്ക് നിഷേധിക്കുന്നുവെന്ന് അഭിഭാഷകനായ എൽസാഫീർ അഹമ്മദ് മുഖേന സമർപ്പിച്ച ഹരജിയിൽ ഉവൈസി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത് ഓരോ ഹിന്ദുവിന്‍റെയും ആവശ്യമാണെന്നും രാജാ സിങ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News