തെലങ്കാനയിൽ ബി.ആർ.എസിന് കനത്ത തിരിച്ചടി; ആറ് എം.എൽ.സിമാർ കോൺഗ്രസിൽ ചേർന്നു
കഴിഞ്ഞ ദിവസം മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നിരുന്നു.
Update: 2024-07-05 05:27 GMT
ഹൈദരാബാദ്: ഭാരത് രാഷ്ട്രസമിതിക്ക് കനത്ത തിരിച്ചടിയായി ആറ് എം.എൽ.സിമാർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. ദാണ്ടേ വിട്ടൽ, ഭാനുപ്രസാദ് റാവു, എം.എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. നേരത്തെ ബി.ആർ.എസിന്റെ അഞ്ച് എം.എൽ.എമാർ പാർട്ടിവിട്ട് കോൺഗ്രസിൽ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് നേതാവായിരുന്ന കേശവ റാവു 2013ലാണ് പാർട്ടി വിട്ടത്. യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ബി.ആർ.എസിൽ ചേർന്നത്.