കൊലപാതക സന്ദേശത്തിന് താഴെ തംബ്സ് അപ്പ് ഇമോജി ഉപയോഗിച്ചത് കുറ്റമല്ലെന്ന് കോടതി​

സർവീസിൽനിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവ്

Update: 2024-03-13 04:47 GMT
Advertising

ചെന്നൈ: മേലുദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് സന്ദേശത്തിന് താഴെ തംബ്സ് അപ്പ് ഇമോജി ഉപയോഗിച്ച് പ്രതികരിച്ചതിന് സർവീസിൽനിന്ന് പുറത്താക്കിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിളിനെ തിരിച്ചെടുക്കാനുള്ള സിംഗിൾ ജഡ്ജി ഉത്തരവ് ശരിവെച്ച് മദ്രാസ് ഹൈകോടതി.

തംബ്സ് അപ്പ് ഇമോജി ‘ശരി’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിന്റെ ആഘോഷമല്ലെന്നും ജസ്റ്റിസുമാരായ ഡി. കൃഷ്ണകുമാറും ആർ. വിജയകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പ്രസ്തുത ചിഹ്നം പങ്കിടുന്നത് ഒരിക്കലും ക്രൂരമായ കൊലപാതകത്തിന്റെ ആഘോഷമായി കണക്കാക്കാനാവില്ല. സന്ദേശം കണ്ടു എന്ന വസ്തുത അംഗീകരിക്കുക മാത്രമാണ് അതിലൂടെ ഹരജിക്കാരൻ ഉദ്ദേശിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

2018ൽ കോൺസ്റ്റബിൾ അസിസ്റ്റന്റ് കമാൻഡന്റ് കൊല്ലപ്പെട്ടന്ന സന്ദേശത്തോട് ​പ്രതികരിച്ചാണ് ആർ.പി.എഫ് കോൺസ്റ്റബിൾ നരേന്ദ്ര ചൗഹാൻ തംബ്സ് അപ്പ് ഇമോജി ഉപയോഗിച്ചത്. ഇത് മോശം പെരുമാറ്റമായി കണ്ട് ഇദ്ദേഹത്തെ സർവീസിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു.

ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ഇമോജി പങ്കിടുന്നത് കൊലപാതകത്തിനുള്ള ധാർമിക പിന്തുണയായി കണക്കാക്കി അന്വേഷണത്തിന് ശേഷം ചൗഹാനെ സർവീസിൽനിന്ന് നീക്കി.

ഇതിനെതിരെ 2021ൽ ചൗഹാൻ ഹൈകോടതിയെ സമീപിച്ചു. ചൗഹാൻ തെറ്റായി ഇമോജി ഉപയോഗിക്കുകയായിരുന്നു​വെന്നും അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്നും നിർദേശിച്ച് കഴിഞ്ഞവർഷം സിംഗിൾ ജഡ്ജി ഉത്തരവിട്ടു. ഇതിനെതിരെ ആർ.പി.എഫ് അപ്പീൽ നൽകി.

ആർ.പി.എഫിന്റെ ഭാഗമായി യൂനിഫോം ധരിച്ച് സേവനം ചെയ്യുന്ന ചൗഹാൻ ഉയർന്ന നിലവാരത്തിലുള്ള അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് ഡെപ്യൂട്ടി സോളിസ്റ്റർ ജനറൽ കെ. ഗോവിന്ദരാജൻ കോടതിയിൽ വാദിച്ചു. മേലുദ്യോഗസ്ഥന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട സന്ദേശത്തിൽ തംബ്സ് അപ്പ് ഇമോജി ഉപയോഗിക്കുന്നത് ആഘോഷത്തിന്റെ വ്യക്തമായ അടയാളവും മോശം പെരുമാറ്റമാണെന്നും അദ്ദേഹം കോടതിയിൽ ഉന്നയിച്ചു.

എന്നാൽ, ചൗഹാന് വാട്ട്സ്ആപ്പിൽ അത്ര പരിചയമില്ലെന്നും തെറ്റായി ഇമോജി ഉപയോഗിക്കുകയായിരുന്നു​വെന്നും വാദങ്ങൾ പരിഗണിച്ച് കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനെതിരെ മറ്റു ആരോപണങ്ങളൊന്നും ഇല്ലാത്തതിനാൽ വിശദീകരണം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. സർവീസിൽനിന്ന് പുറത്താക്കിയ നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കിയതും തിരിച്ചെടുക്കാൻ നിർദേശിച്ചതും ശരിയാണെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. കോൺസ്റ്റബിൾ നരേന്ദ്ര ചൗഹാനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ ആർ. കവിൻ പ്രസാത്തും കെ. മവോഅ ജേക്കബും ഹാജരായി.

Summary : The court said that using the thumbs up emoji under the murder message is not a crime

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News