ചര്‍ച്ചയായി എമ്പുരാനെതിരായ ആക്രമണവും; സിപിഎം പാർട്ടി കോൺഗ്രസിലെ പൊതുചർച്ച പൂർത്തിയായി
ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിനിധികൾ കഫിയ അണിഞ്ഞാണ് ഇന്ന് സമ്മേളനത്തിൽ എത്തിയത്


മധുര: സിപിഎം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് മേലുള്ള പൊതുചർച്ച പൂർത്തിയായി. ചർച്ചയ്ക്ക് പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി നൽകും. കേരളത്തിൽ നിന്ന് ടി.എൻ സീമ, ജയ്ക് സി. തോമസ്, എം.ബി രാജേഷ് എന്നിവർ സംസാരിച്ചു.
എമ്പുരാനെതിരായ സംഘ്പരിവാർ ആക്രമണവും പാർട്ടി കോൺഗ്രസിലെ പൊതുചർച്ചയിൽ ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സംസാരിച്ചു. ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി.
ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിനിധികൾ കഫിയ അണിഞ്ഞാണ് ഇന്ന് സമ്മേളനത്തിൽ എത്തിയത്. ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം പങ്കുവെച്ചത്.