29 അടി ഉയരമുള്ള മൊബൈൽ ടവർ പട്ടാപ്പകല്‍ അടിച്ചുമാറ്റി; മോഷണം കമ്പനിയറിഞ്ഞത് മാസങ്ങൾക്ക് ശേഷം

ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങളും കള്ളൻമാർ മോഷ്ടിച്ചു

Update: 2023-01-22 05:46 GMT
Editor : Lissy P | By : Web Desk
Advertising

പട്ന: ടെലികോം കമ്പനി ജീവനക്കാരെന്ന വ്യാജേന 29 അടി ഉയരമുള്ള മൊബൈൽ ടവർ അടിച്ചുമാറ്റി മോഷ്ടാക്കൾ. ബിഹാറിലെ പട്‌നയിലെ തിരക്കേറിയ പ്രദേശത്ത് സ്ഥാപിച്ച ടവറാണ് മോഷ്ടിച്ചത്. പിർബഹോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സബ്‌സിബാഗ് പ്രദേശത്തിന്റെ ഹൃദയഭാഗത്ത് നടന്ന കവർച്ച കമ്പനി പോലും അറിഞ്ഞത് മാസങ്ങൾക്ക് ശേഷമായിരുന്നു.

ടെലികോം കമ്പനിയുടെ സാങ്കേതിക വിദഗ്ധർ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി മൊബൈൽ ടവറുകളിൽ സർവേ നടത്തുന്നതിനിടെയാണ് മൊബൈൽ ടവറും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഷഹീൻ ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ട്രാൻസ്മിഷൻ സിഗ്‌നൽ ഉപകരണങ്ങളുള്ള ടവർ സ്ഥാപിച്ചിരുന്നത്. കവർച്ചക്കാർ ടവർ മോഷ്ടിച്ചത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും വ്യാഴാഴ്ചയാണ് വാർത്ത പുറത്തായതെന്നും പൊലീസ് പറഞ്ഞു. 2022 ആഗസ്റ്റിലായിരുന്നു ടവറുകളുടെ സർവെ അവസാനമായി നടന്നത്. അന്ന് ടവർ അവിടെയുണ്ടായിരുന്നതെന്നാണ് പൊലീസും പറയുന്നത്.

എന്നാൽ ജനുവരി 16 നാണ് ടവർ കാണാനില്ലെന്ന് കാണിച്ച് ജിടിഎൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏരിയ മാനേജർ മൊഹമ്മദ് ഷാനവാസ് അൻവർ പരാതി നൽകിയതെന്നും പൊലീസ് പറയുന്നു. 2006ലാണ് പ്രദേശത്ത് എയർസെൽകമ്പനിയുടെ ടവർ സ്ഥാപിച്ചത്, എന്നാൽ 2017ൽ ജിടിഎൽ കമ്പനിക്ക് ടവർ വിറ്റു. മൊബൈൽ ടവർ പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടുടമയ്ക്ക് വാടക കമ്പനി നൽകിയിരുന്നില്ല. 

എന്നാൽ നാല് മാസം മുമ്പ്  ഒരു സംഘം ആളുകൾ വന്ന് ടവർ പൊളിച്ചുമാറ്റിയതെന്ന് കെട്ടിട ഉടമസ്ഥൻ പറയുമ്പോഴാണ് കമ്പനിയും കാര്യമറിയുന്നത്. ടവറിന് സാങ്കേതിക തകരാർ ഉണ്ടെന്നും പുതിയത് ഉടൻ സ്ഥാപിക്കുമെന്നും ടവർപൊളിച്ചുമാറ്റിയവർ പറഞ്ഞതായി കെട്ടിട ഉടമസ്ഥൻ പറയുന്നു. തങ്ങളുടെ ജീവനക്കാരൻ ടവർ നീക്കം ചെയ്തിട്ടില്ലെന്ന് കമ്പനിയും ഉറപ്പിച്ചു പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ബിഹാർ ഇത്തരത്തിലുള്ള 'വെറൈറ്റി' മോഷങ്ങൾക്ക് പേരുകേട്ട സംസ്ഥാനമാണ്. 2022 ഏപ്രിലിൽ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന കള്ളന്മാർ പട്ടാപ്പകൽ 60 അടി നീളമുള്ള പാലം മുഴുവൻ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനം, ബെഗുസരായ് ജില്ലയിലെ റെയിൽവേ യാർഡിലേക്ക് തുരങ്കമണ്ടായി ട്രെയിൻ എഞ്ചിൻ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഡിസംബറിൽ പട്നയിലെ മോഷ്ടാക്കൾ എച്ച്പിസിഎൽ ഓയിൽ ഡിപ്പോയിലേക്ക് പോവുകയായിരുന്ന ടാങ്കർ ട്രെയിനിൽ നിന്ന് എണ്ണ കവർന്നതും വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ടവർ മോഷണവും പുറത്ത് വരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News