വ്യാജ ആധാർ കാർഡ് നിർമിക്കാൻ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്തത് ഇങ്ങനെ; ഞെട്ടി യു.ഐ.ഡി.എയും പൊലീസും
കംപ്യൂട്ടറിൽ നിന്ന് സോഫ്റ്റ് വെയർ വഴിയാണ് ആധാർ വിവരങ്ങൾ ചോർത്തിയത്
തിരൂർ: തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡ് നിർമിച്ചത് യു.ഐ.ഡി.എയെും കേന്ദ്രത്തിനെയും ഞെട്ടിച്ചിരിക്കുകയാണ്. വൻ സുരക്ഷാ സംവിധാനങ്ങളാണ് ആധാർ എൻറോൾമെന്റിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് യു.ഐ.ഡി.എ.യും, കേന്ദ്ര സർക്കാരും അവകാശപ്പെടുന്നതിനിടയിലാണ് ഹാക്കിങ്ങ്. വളരെ ആസൂത്രിതമായാണ് ഹാക്കിങ്ങ് നടന്നിരിക്കുന്നെതെന്നാണ് കണ്ടെത്തൽ.
തിരൂർ ആലിങ്ങലിലെ അക്ഷയകേന്ദ്രം ഹാക്ക് ചെയ്തത് ജനുവരി 12 നായിരുന്നു. ആലിങ്ങലിലെ അക്ഷയ സെന്ററിലേക്ക് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇ ന്ത്യയുടെ യു.ഐ.ഡി.എ.ഐ യുടെ ഡൽഹിയിലെ അഡ്മിൻ ആണെന്ന് പരിചയപ്പെടുത്തി ഫോൺകോൾ വന്നു. അക്ഷയ കേന്ദ്രത്തിലെ ആധാർ മെഷീനിൽ 10,000 എൻറോൾമെന്റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ നടത്തണമെന്ന് പറഞ്ഞാണ് വിളിച്ചത്. തുടർന്ന് അക്ഷയ കേന്ദ്രത്തിലെ കമ്പ്യൂട്ടറിൽ എനിഡെസ്ക് എന്ന സോഫ്റ്റ് വെയർ കണക്ട് ചെയ്യാൻ നിർദേശിക്കുകയും ഇതോടെ വെരിഫിക്കേഷൻ പൂർത്തിയായെന്നും പറഞ്ഞു.
തുടർന്ന് പരിശോധനയുടെ ഭാഗമായി ഒരാളുടെ എൻറോൾമെന്റ് നടത്താൻ നിർദേശിച്ചു. ഇത് പൂർത്തിയായതോടെ അഡ്മിനാണെന്ന് പറഞ്ഞ് വിളിച്ചയാൾ വെരിഫിക്കേഷൻ പൂർത്തിയായെന്നും പറഞ്ഞു എനിഡെസ്കിന്റെ കണക്ഷൻ വിച്ഛേദിച്ചു. എനിഡെസ്ക് സോഫ്റ്റവെയർ കണക്ട് ചെയ്ത സമയത്തിനുള്ളിലാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് സംശയിക്കുന്നത്.
ഓരോ ആധാർ എൻറോൾമെന്റും യു.ഐ.ഡി.എ.ഐയുടെ സൂക്ഷ്മ പരിശോധനയിലുടെയാണ് പൂർത്തിയാവുന്നത്. ഇത് പോലെ തന്നെ ആലിങ്ങലിൽ നിന്ന് ചോർത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ആധാറിന് അന്തിമ അനുമതി നൽകുകയും ചെയ്തിരുന്നു.
ആധാറിന്റെ വിവരങ്ങൾ അപ് ലോഡ് ചെയ്തത് തിരൂർ ആലിങ്ങലിലെ ആധാർ മെഷീനിൽ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉൾപ്പടെയുള്ളവ പകർത്തിയത് പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് കണ്ടെത്തിയതോടെ സംശയം തോന്നി അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. ഇങ്ങനെ നിർമിച്ച 38 ആധാർ കാർഡുകൾ യു.ഐ.ഡി.എ.ഐ സസ്പെൻഡ് ചെയ്തു.അന്വേഷണം ആവശ്യപ്പെട്ട് ആലിങ്ങൽ അക്ഷയ ഉടമ ഹാരിസ് തിരൂർ സി.ഐക്കും പരാതി നൽകി.