ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. നാദിയ ജില്ലയിലെ ഹൻസ്ക്ഷലി ബ്ലോക്കിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അഹമ്മദ് അലി ബിശ്വാസ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്.
ഇവിടുത്തെ പച്ചക്കറി ചന്തയിലേക്ക് ഇറങ്ങിയ അഹമ്മദ് അലിയെ ബൈക്കിലെത്തിയ രണ്ട് പേർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. മരിച്ചയാളും അക്രമികളും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഏതാനും മിനിറ്റുകൾക്ക് ശേഷം അക്രമികളിലൊരാൾ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
വെടിയേറ്റ ഉടൻ തന്നെ പ്രദേശവാസികൾ അഹമ്മദ് അലിയെ ബഗുല ഗ്രാമീൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അഹമ്മദ് അലി ബിശ്വാസിന്റെ മൃതദേഹം ശക്തിനഗർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും ഹൻസ്ക്ഷലി പൊലീസ് സ്റ്റേഷനിൽ കൊലക്കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
അതേസമയം, എന്തെങ്കിലും രാഷ്ട്രീയ വൈരമാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നില്ലെന്നും വ്യക്തിവൈരാഗ്യമായിരിക്കാം കാരണമെന്നും തൃണമൂൽ ജില്ലാ പ്രസിഡന്റ് ദെബാസിഷ് ഗാൻഗുലി പറഞ്ഞു. പൊലീസ് കേസ് അന്വേഷിക്കുകയാണ്. സത്യം ഉടൻ പുറത്തുവരും- അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുകയാണ്. ദൃക്സാക്ഷികളുടെ മൊഴികൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു. പ്രതികൾ ഉടൻ വലയിലാവും- പൊലീസ് അറിയിച്ചു.