കോളജ് വിദ്യാര്‍ഥികളെക്കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ചു; തമിഴ്നാട് ഗവർണറെ പുറത്താക്കണമെന്ന് ആവശ്യം

ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരെയെന്ന് ഡിഎംകെ

Update: 2025-04-14 05:20 GMT
Editor : നബിൽ ഐ.വി | By : Web Desk
കോളജ് വിദ്യാര്‍ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണറെ പുറത്താക്കണമെന്ന് ആവശ്യം
AddThis Website Tools
Advertising

ചെന്നൈ: കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തില്‍. ഗവര്‍ണര്‍ക്കെതിരെ നിരവധി രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ആര്‍.എന്‍ രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വിദ്യാഭ്യാസ രം​ഗത്തുള്ളവർ ആവശ്യപ്പെട്ടു.

ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണെന്നാരോപിച്ച് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടന പാലിക്കുന്നതിലും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നതിലും രവി പരാജയപ്പെട്ടുവെന്ന് സ്‌റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോര്‍ കോമണ്‍ സ്‌കൂള്‍ സിസ്റ്റം തമിഴ്‌നാട് (എസ്പിസിഎസ്എസ്ടിഎന്‍) പറഞ്ഞു.

മധുരയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് കോളജ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ വിദ്യാര്‍ഥികളോട് 'ജയ് ശ്രീറാം' എന്ന് മൂന്ന് തവണ വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ ഇതേറ്റു വിളിക്കുകയും ചെയ്തു. പ്രസംഗത്തില്‍ ഡിഎംകെയെയും സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഭരണഘടനയെ ലംഘിക്കാനാണ് ഗവർണറുടെ ശ്രമമെന്നും ഗവർണർ ഒരു ആർഎസ്എസ് വക്താവാണെന്നും ഡിഎംകെ വക്താവ് ധരണീധരൻ ആരോപിച്ചു. ഗവർണർ മതനേതാവിനെപ്പോലെ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ ആസാൻ മൗലാന പറഞ്ഞു. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ തടഞ്ഞുവച്ച ഗവർണറുടെ നടപടിയെ സുപ്രിംകോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News