നടന്‍ വിജയിനെ 'ജോസഫ് വിജയ്' എന്ന് അഭിസംബോധന ചെയ്ത് തമിഴ്നാട് ഗവര്‍ണര്‍; ഫാഷിസത്തിന് കുട പിടിക്കുന്നെന്ന് ഡിഎംകെ
വിജയിന് ഫാഷിസവും പായസവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു
ചെന്നൈ ∙ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ ഗവർണർ ആർ.എൻ.രവിയെ സന്ദർശിച്ച നടനും ടിവികെ നേതാവുമായ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്തു സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട തമിഴ്നാട് രാജ്ഭവൻ വിവാദത്തില്‍. ഗവർണർക്ക് കൈമാറിയ കത്തിൽ ഉൾപ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ ‘ജോസഫ് വിജയ്’ എന്നു പ്രത്യേകം ചേർത്തതു വഴി രാജ്ഭവൻ ഫാഷിസത്തിനു കുട പിടിക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്നും ഡിഎംകെ വിദ്യാർഥി വിഭാഗം അധ്യക്ഷൻ രാജീവ് ഗാന്ധി പരിഹസിച്ചു.
വിജയിന് ഫാഷിസവും പായസവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിന്‍റെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് മനസിലാക്കണമെന്നും രാജീവ് ഗാന്ധി താരത്തിനോട് ആവശ്യപ്പെട്ടു. "ബഹുമാനപ്പെട്ട വിജയ്, ഫാഷിസം എന്താണെന്ന് നിങ്ങൾക്കറിയാമോ?. നിങ്ങൾ ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ നിങ്ങളുടെ പേര് വിജയ് എന്നാണ്. എന്നാൽ, ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൻ്റെ അനുബന്ധമായി പ്രവർത്തിക്കുന്ന രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിങ്ങളുടെ പേര് 'ജോസഫ് സി.വിജയ്' എന്നായി മാറി. സർ, ഇത് ഫാഷിസത്തിൻ്റെ ഉത്തമ ഉദാഹരണമാണ്" അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം വിഷയം രാഷ്ട്രീയവൽക്കരിക്കുകയും ചെളി വാരിയെറിയുകയും ചെയ്തുവെന്ന് ആരോപിച്ചു. ഒക്‌ടോബർ 27ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ വെച്ച് ഡിഎംകെയെയും ഉദയനിധി സ്റ്റാലിനെയും പരസ്യമായി വിമർശിച്ച് വിജയ് നടത്തിയ പ്രസംഗം പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു.
ഡിഎംകെയെ ടിവികെയുടെ രാഷ്ട്രീയ ശത്രുവായി മുദ്രകുത്തിയ വിജയ് അഴിമതിക്കും കുടുംബ രാഷ്ട്രീയത്തിനും പാർട്ടിയെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെ ഡിഎംകെ നിരന്തരം വിജയിനെതിരെ വിമര്‍ശമുയര്‍ത്തിയിരുന്നു. ഡിഎംകെ വിദ്യാർത്ഥി വിഭാഗം പ്രസിഡൻ്റിൻ്റെ സമീപകാല പരാമർശങ്ങൾ ഈ രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ തുടർച്ചയായി കണക്കാക്കപ്പെടുന്നത്.