അയോധ്യയിൽ ദളിതരുടെ ഭൂമി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്ന് റവന്യുകോടതി

കൃത്യമായി രജിസ്റ്റർ ചെയ്യാതെ സംഭാവന എന്ന പേരിൽ ദളിതരുടെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്യുകയായിരുന്നു

Update: 2022-01-06 03:54 GMT
Editor : Lissy P | By : Web Desk
Advertising

അയോധ്യ രാമക്ഷേത്രത്തിന് സമീപത്തെ ദളിതരുടെ ഭൂമി മഹർഷി രാമയൺ വിദ്യാപീഠ് ട്രസ്റ്റ് ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് റവന്യുകോടതി. അയോധ്യയിലെ അസിസ്റ്റന്റ് റെക്കോർഡ് ഓഫീസർ കോടതിയാണ് ഭൂമിയേറ്റെടുക്കൽ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്. ഇതിലെ എല്ലാ നടപടികളും അസാധുവായിരിക്കുമെന്നും ഈ ഭൂമി ഉടമസ്ഥർക്ക് വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു. ദളിതരുടെ 52,000 ചതുരശ്ര മീറ്റർ ഭൂമിയാണ് ട്രസ്റ്റ് തട്ടിയെടുത്തത്.

എന്നാൽ ഭൂമി കൈമാറ്റത്തിൽ വ്യാജരേഖകളൊന്നും നിർമിക്കാത്തതിനാൽ ട്രസ്റ്റിനെതിരെ നടപടികൾക്കൊന്നും ശുപാർശ ചെയ്തിട്ടില്ല. അയോധ്യ ക്ഷേത്ര സമീപത്തെ ഭൂമികൾ ബി.ജെ.പി എം.എൽ.എമാരും ജനപ്രതിനധികളും ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും ഉൾപ്പെടെ വൻതോതിൽ വാങ്ങിക്കൂട്ടിയെന്ന വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. 2019 നവംബർ ഒമ്പതിലെ സുപ്രീംകോടതി ഉത്തരവിന് ശേഷമാണ് ക്ഷേത്രപരിസരത്തെ ഭൂമി വൻതോതിൽ ഉന്നതർ വാങ്ങിക്കൂട്ടിയത്. ക്ഷേത്രനിർമാണം ആരംഭിക്കുമ്പോൾ വൻവിലക്ക് സ്ഥലം വിൽക്കാൻ കഴിയുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു റിയൽ എസ്റ്റേറ്റ് കച്ചവടം പൊടിപൊടിച്ചത്.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. പ്രദേശത്തെ ദളിതരുടെ ഭൂമി കൈമാറ്റത്തിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ രണ്ടു ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളും ഇവിടെ ഭൂമി വാങ്ങിക്കൂട്ടിയതും വാർത്തയായിരുന്നു. 2019 സെപ്റ്റംബറിൽ മഹർഷി രാമയൺ വിദ്യാപീഠ് ട്രസ്റ്റ് ദളിതരുടെ ഭൂമി വിൽക്കാൻ തുടങ്ങിയപ്പോഴാണ് ഭൂമി കൈമാറ്റത്തിന്റെ നിയമവിരുദ്ധത ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രസ്റ്റിന് ഭൂമി വിറ്റ ദളിതരിലൊരാൾ തന്റെ ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടതായി ഉത്തർപ്രദേശ് റവന്യൂ ബോർഡിൽ പരാതിപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പരാതി അന്വേഷിക്കാൻ അഡീഷണൽ കമ്മീഷണർ ശിവ് പൂജനും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഗോരേലാൽ ശുക്ലയും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൃത്യമായി രജിസ്റ്റർ ചെയ്യാതെ സംഭാവന  എന്ന പേരിൽ ദളിതരുടെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതായി കണ്ടെത്തുകയും ട്രസ്റ്റിനും ചില സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കാനും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News