ഭീകര വിരുദ്ധ നിയമങ്ങള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കരുത്: ജസ്റ്റിസ് ചന്ദ്രചൂഡ്
'പൗരന്മാരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതികള്‍ മുന്‍നിരയിലുണ്ടാകണം'
ഭീകര വിരുദ്ധ നിയമങ്ങള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താനായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇന്തോ-യുഎസ് ജോയിന്‍റ് സമ്മര്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഭീകരവിരുദ്ധ നിയമനിര്‍മാണം ഉൾപ്പെടെയുള്ള ക്രിമിനൽ നിയമങ്ങള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താനോ പൌരന്മാരെ ഉപദ്രവിക്കാനോ ദുരുപയോഗം ചെയ്യരുത്. അർണബ് ഗോസ്വാമിയുടെ കേസിലെ വിധിന്യായത്തിൽ താൻ ചൂണ്ടിക്കാട്ടിയതുപോലെ പൌരന്മാരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതികള്‍ മുന്‍നിരയിലുണ്ടാകണം. ഇന്തോ-യുഎസ് നിയമപരമായ ബന്ധങ്ങളെക്കുറിച്ചുള്ള കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെയാണ് ജസ്റ്റിസിന്‍റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. സമീപകാലത്ത് യുഎപിഎ ചുമത്തപ്പെട്ട നിരവധി കേസുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ അസ്സമിലെ നേതാവ് അഖിൽ ഗോഗോയ് ജയില്‍ മോചിതനായ ശേഷം പറഞ്ഞത് യുഎപിഎ ദുരുപയോഗത്തിനെതിരെ പോരാടുമെന്നാണ്. തീവ്രവാദ ബന്ധം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട കശ്മീര്‍ സ്വദേശി സ്വന്തം നിരപരാധിത്വം തെളിയിച്ച് മോചിതനായത് 11 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ്.
സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ അമേരിക്ക വഴികാട്ടിയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയ്ക്ക് മനുഷ്യാവകാശങ്ങളോട് ആഴമേറിയ ആദരവും പ്രതിബദ്ധതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.