ഉദ്ധവ് താക്കറെ രാജിവെക്കില്ല; പൂര്‍ണ പിന്തുണയുമായി എന്‍.സി.പിയും കോണ്‍ഗ്രസും

വിമത നേതാവ് എക്നാഥ് ഷിന്‍ഡെ അസമിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായി സൂചന

Update: 2022-06-24 08:19 GMT
ഉദ്ധവ് താക്കറെ രാജിവെക്കില്ല; പൂര്‍ണ പിന്തുണയുമായി എന്‍.സി.പിയും കോണ്‍ഗ്രസും
AddThis Website Tools
Advertising

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കേണ്ടതില്ലെന്ന് മഹാവികാസ് അഘാഡി സഖ്യം കൂട്ടായി തീരുമാനമെടുത്തു. സഭയിൽ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. ശിവസേന വക്താവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയിൽ ശരദ് പവാർ ഈ നിർദേശം മുന്നോട്ട് വെച്ചു. ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസിന്‍റെയും എൻ.സി.പിയുടെയും പൂർണ പിന്തുണയുണ്ട്.

അതിനിടെ വിമത നേതാവ് എക്നാഥ് ഷിന്‍ഡെ അസമിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായി സൂചനയുണ്ട്. അസം കോണ്‍ഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ഏക്നാഥ് ഷിൻഡേക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനം വിട്ട് പോകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

അതിനിടെ ഉദ്ധവിന് പിന്തുണ അറിയിച്ച് മാതോശ്രീക്ക് മുന്നിൽ ശിവസേന പ്രവർത്തകരെത്തി. മുംബൈയിലേക്ക് മടങ്ങിവരാൻ എം.എൽ.എമാരെ സഞ്ജയ് റാവത്ത് വെല്ലുവിളിച്ചു. സഭയിൽ കരുത്ത് തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗുവാഹത്തി അതിനിടെ നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിമതരുമായി സംസാരിക്കാനെത്തിയ ശിവസേന എം.എൽ.എ സഞ്ജയ് ബോഗ്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഉദ്ധവ് താക്കറെയോടൊപ്പം നിൽക്കുന്ന എം.എൽ.എയാണ് സഞ്ജയ് ബോഗ്ല.

50 എം‌.എൽ‌.എമാരുടെ പിന്തുണയുണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെട്ടത്. അവരില്‍ 40 പേർ ശിവസേനയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്വതന്ത്ര എം.എല്‍.എമാര്‍ അസമില്‍ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് എത്തിയിട്ടുണ്ട്.

ഗുജറാത്തിലെ സൂറത്തിലാണ് ഷിന്‍ഡെയും സംഘവും ആദ്യം എത്തിയത്. പിന്നീട് ഇവരെ അസമിലെ ഗുവാഹത്തിയിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കുകയായിരുന്നു. ഷിൻഡെ ശിവസേനയെ പിളര്‍ത്തുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു. താനാണ് യഥാർഥ ശിവസേനയെന്നും മതിയായ എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാൽ ശരദ് പവാറിന്റെ പാർട്ടിയുമായും കോൺഗ്രസുമായും "അസ്വാഭാവിക സഖ്യം" അവസാനിപ്പിച്ച് പഴയ സഖ്യകക്ഷിയായ ബി.ജെ.പിക്കൊപ്പം ശിവസേന മഹാരാഷ്ട്ര ഭരിക്കുക എന്നതു മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഷിന്‍ഡെ പറയുന്നു. എന്നാല്‍ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിലൂടെ മാത്രമേ സർക്കാരിന്റെ ഭാവി സംബന്ധിച്ച തീരുമാനമുണ്ടാകൂ എന്ന് ശരദ് പവാർ വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News