'അമ്പും വില്ലും' തിരിച്ചുകിട്ടാന്‍ ഉദ്ധവ് താക്കറെ പക്ഷം സുപ്രിംകോടതിയിലേക്ക്

ഭാവി നടപടി ചർച്ച ചെയ്യാൻ ഏക്നാഥ് ഷിൻഡെ ഇന്ന് യോഗം ചേരും.

Update: 2022-10-09 08:20 GMT
അമ്പും വില്ലും തിരിച്ചുകിട്ടാന്‍ ഉദ്ധവ് താക്കറെ പക്ഷം സുപ്രിംകോടതിയിലേക്ക്
AddThis Website Tools
Advertising

ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച നടപടിക്ക് എതിരെ നീക്കം ആരംഭിച്ച് ശിവസേന വിഭാഗങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് എതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രിംകോടതിയെ സമീപിക്കും. ഭാവി നടപടി ചർച്ച ചെയ്യാൻ ഏക്നാഥ് ഷിൻഡെ ഇന്ന് യോഗം ചേരും. അതിനിടെ ഉദ്ധവ് താക്കറെ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാൻ തയ്യാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങൾ പൊലീസ് കണ്ടെടുത്തു.

പാർട്ടി പേരും ചിഹ്നവും അനുവദിച്ചുകിട്ടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നതിനായി ഉദ്ധവ് വിഭാഗം തയ്യാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. 4682 വ്യാജ സത്യവാങ്മൂലങ്ങളും വ്യാജ റബ്ബർ സ്റ്റാമ്പുകളുമാണ് മുംബൈ നിർമൽ നഗർ പൊലീസ് പിടിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 465 വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു.

ഒന്നര ലക്ഷത്തോളം സത്യവാങ്മൂലങ്ങൾ ഉദ്ധവ് താക്കറെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരുന്നു. 5 ലക്ഷം സത്യവാങ്മൂലങ്ങൾ സമർപ്പിക്കുമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്‍റെ അവകാശവാദം. വ്യാജസത്യവാങ്മൂലങ്ങൾ പിടിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കപ്പെട്ട രേഖകളും വിശദ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യമുയര്‍ന്നു.

പാർട്ടി ചിഹ്നം അന്തിമവിധി വരുന്നത് വരെ മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് എതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് താക്കറെ പക്ഷം തയ്യാറെടുക്കുന്നത്. തങ്ങളുടെ പാർട്ടിക്ക് ശിവസേന ബാലാ സാഹിബ് താക്കറെ എന്ന പേര് നൽകണമെന്ന ആവശ്യവും ഉദ്ധവ് താക്കറെ പക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം ഭാവി നടപടികൾ ചർച്ച ചെയ്യാൻ ഏക്നാഥ് ഷിൻഡെ പക്ഷം ഇന്ന് വൈകീട്ട് യോഗം ചേരും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News