Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ബിരുദ കാലയളവിൽ മാറ്റംവരുത്താൻ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യുജിസി). ഇതനുസരിച്ച് ബിരുദ കാലയളവ് വെട്ടിക്കുറയ്ക്കാനും ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. യുജിസി മേധാവി എം. ജഗദേഷ് കുമാറാണ് ഈ പുതിയ പരിഷ്കരണം പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥിയുടെ പഠന ശേഷി അനുസരിച്ച് മൂന്നു വര്‍ഷ ബിരുദം രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കാനാവും. പഠനകാലയളവ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. കോഴ്‌സ് നേരത്തേ പൂര്‍ത്തിയാക്കിയാലും സമയമെടുത്തു ചെയ്താലും സാധാരണ ബിരുദത്തിന് തുല്യമായിരിക്കും. തുടര്‍ പഠനത്തിനും ജോലിക്കും സാധാരണ ബിരുദമായിത്തന്നെയാവും ഇവ പരിഗണിക്കുക.
ഓരോ സെമസ്റ്ററിലും കൂടുതല്‍ ക്രെഡിറ്റ് നേടിയാണ് ബിരുദം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുക. നിശ്ചിത ക്രെഡിറ്റിലും കുറവു നേടി കോഴ്‌സ് കാലയളവ് ദീര്‍ഘിപ്പിക്കാനും സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന ശേഷിക്കനുസരിച്ചും സാമ്പത്തികമോ അക്കാദമികമോ ആയ വെല്ലുവിളികൾക്കനുസരിച്ചും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.