'മുഖ്യമന്ത്രിയായതിന് ശേഷം എന്താ ഇങ്ങനെയൊരു മാറ്റം': കുറ്റപ്പെടുത്തിയ ഉമർ അബ്ദുള്ളക്ക് മറുപടിയുമായി കോൺഗ്രസ്
തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിനെ കുറ്റം പറയരുതെന്നും ഇവിഎമ്മിൽ വിശ്വാസമില്ലാത്തവർ മത്സരിക്കരുതെന്നുമായിരുന്നു കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ഉമർ അബ്ദുള്ളയുടെ വിമര്‍ശനം.
ന്യൂഡല്‍ഹി: പ്രതിപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉമർ അബ്ദുള്ളയുടെ സമീപനം ജമ്മു കശ്മീർ മുഖ്യമന്ത്രിയായതിന് ശേഷം മാറിയെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി (ഇവിഎം) ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഉമര്‍ അബ്ദുള്ളയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.
തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിനെ കുറ്റം പറയരുതെന്നും ഇവിഎമ്മിൽ വിശ്വാസമില്ലാത്തവർ മത്സരിക്കരുതെന്നുമായിരുന്നു കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ഉമർ അബ്ദുള്ളയുടെ വിമര്‍ശനം. എന്നാല്‍ മുഖ്യമന്ത്രിയായതിന് ശേഷം പ്രതിപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉമര്‍ അബ്ദുള്ളക്ക് മാനം മാറ്റം സംഭവിച്ചുവെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് ഇവിഎമ്മുകളെക്കുറിച്ചുള്ള ആരോപണങ്ങൾ എൻസിപി (ശരദ് പവാർ വിഭാഗം), ശിവസേന (ഉദ്ധവ് വിഭാഗം), സമാജ്‌വാദി പാർട്ടി എന്നിവരാണ് ഉയര്‍ത്തിയതെന്ന് മുതിർന്ന കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു.
"ദയവായി നിങ്ങള്‍ വസ്തുതകൾ പരിശോധിക്കുക, ഇവിഎമ്മുകൾക്കെതിരെ സംസാരിച്ചത് സമാജ്‌വാദി പാർട്ടിയും ശരദ് പവാര്‍ എൻസിപിയും ശിവസേന ഉദ്ധവ് വിഭാഗവുമാണ്. കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ( സിഡബ്ല്യുസി) പ്രമേയം തെരഞ്ഞെുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടാണ്. മുഖ്യമന്ത്രിയായ ശേഷം സഖ്യത്തിലെ മറ്റുള്ളവരോട് എന്തിനാണ് ഇങ്ങനെയൊരു സമീപനം?" ടാഗോർ ചോദിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഇവിഎമ്മിനെതിരെ ആരോപണവുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ചും പ്രചാരണം ശക്തമാക്കിയും കോൺഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നത്. ഇതിലാണ്, വ്യത്യസ്ത അഭിപ്രായവുമായി 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായ നാഷണൽ കോൺഫറൻസ് രംഗത്ത് എത്തിയിരുന്നത്. ഇവിഎമ്മുകൾ ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോളെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് സമാനമായി ഇവിഎമ്മിനെതിരെ ക്യാമ്പയിന്‍ നടത്താനും അദ്ദേഹം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.