'ആഗോള സംഘർഷങ്ങൾക്കിടയിൽ ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും അപ്രസക്തമാകുന്നു'; പ്രധാനമന്ത്രി നരേന്ദ്രമോദി

സംഘർഷത്തിൽ നിന്ന് സഹകരണത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി മോദി പോഡ്‌കാസ്റ്റിൽ ആഹ്വാനം ചെയ്തു

Update: 2025-03-17 06:02 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: ഐക്യരാഷ്ട്രസഭയെയും മറ്റ് അന്താരാഷ്ട്ര സംഘടനകളെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കിടയിൽ ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും അപ്രസക്തമാകുന്നുവെന്നായിരുന്നു വിമർശനം. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളുടെയും ചൈന-യുഎസ് സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അമേരിക്കൻ ശാസ്ത്രജ്ഞൻ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനകൾ ഏതാണ്ട് അപ്രസക്തമായി മാറിയിരിക്കുന്നു. അവയിൽ പരിഷ്കരണങ്ങൾ ഇല്ല. യുഎൻ പോലുള്ള സ്ഥാപനങ്ങൾക്ക് അവയുടെ പങ്ക് വഹിക്കാൻ കഴിയുന്നില്ല. ലോകത്തിലെ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ശ്രദ്ധിക്കാത്ത ആളുകൾ എല്ലാം ചെയ്യുന്നു. ആർക്കും അവയെ തടയാൻ കഴിയില്ല," പ്രധാനമന്ത്രി പറഞ്ഞു.

സംഘർഷത്തിൽ നിന്ന് സഹകരണത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി മോദി പോഡ്‌കാസ്റ്റിൽ ആഹ്വാനം ചെയ്തു. ലോകം പരസ്പരാശ്രിതവും പരസ്പരബന്ധിതവുമാണ്. രാഷ്ട്രങ്ങൾ പരസ്പരം പിന്തുണയ്ക്കേണ്ടതുണ്ട്. എല്ലാവർക്കും എല്ലാവരെയും വേണം, ആർക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാവരും സംഘർഷങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. അതിൽ നിന്ന് വളരെ വേഗം മോചനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വികസനാധിഷ്ഠിത സമീപനമാണ് മുന്നോട്ടുള്ള വഴി, അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങളുടെയെല്ലാം ദുർബലത തുറന്നുകാട്ടിയ കോവിഡ് -19 മഹാമാരി ആഗോള സംഘർഷങ്ങൾക്കിടയിൽ ഐക്യത്തിന്റെ ആവശ്യകത മനസിലാക്കി തരുന്നതായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) അംഗമാകാൻ ഇന്ത്യ പതിറ്റാണ്ടുകളായി ശ്രമം നടത്തുകയാണ്. നിലവിൽ, യുഎൻ‌എസ്‌സിയിൽ അഞ്ച് സ്ഥിരാംഗങ്ങളും 10 സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളും ആണുള്ളത്. റഷ്യ, യുകെ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് സ്ഥിരാംഗങ്ങൾ. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News