പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധം: ജാവേദ് മുഹമ്മദിനെതിരെ എന്‍.എസ്.എ ചുമത്തി

പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എന്‍.എസ്.എ പ്രകാരം കേസെടുത്തത്

Update: 2022-07-17 08:01 GMT
Advertising

ലഖ്നൌ: വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം (എന്‍.എസ്.എ) കേസെടുത്തു. പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്ത് ഒരുമാസത്തിന് ശേഷമാണ് എന്‍.എസ്.എ പ്രകാരം കേസെടുത്തത്.

പ്രവാചകനിന്ദയ്ക്കെതിരായ പ്രയാഗ്‍രാജിലെ പ്രതിഷേധം അക്രമാസക്തമായതിന് കാരണം ജാവേദ് മുഹമ്മദ് ആണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ജൂൺ 10ന് നടന്ന ആക്രമണസംഭവങ്ങളുടെ മുഖ്യ ആസൂത്രകനെന്ന യു പി പോലീസിന്റെ ശിപാർശ പ്രകാരമാണ് ജാവേദ് മുഹമ്മദിനെതിരെ ദേശിയ സുരക്ഷാ നിയമം ചുമത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി പറഞ്ഞു. എന്നാല്‍ കേസിൽ ജാവേദ് മുഹമ്മദിനെതിരെ തെളിവ് ലഭിക്കാത്തത് കാരണമാണ് പുതിയ വകുപ്പുകൾ ചുമത്തുന്നതെന്ന് അഭിഭാഷകൻ കെ.കെ റോയ് പറഞ്ഞു.

"എന്‍.എസ്.എ ചുമത്തിയെന്ന് ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഞങ്ങൾക്ക് ഇതുവരെ രേഖകള്‍ ലഭിച്ചിട്ടില്ല. ജാവേദ് അക്രമത്തിൽ പങ്കാളിയാണെന്നും ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചെന്നുമുള്ള ഒരു തെളിവും പൊലീസിന് കിട്ടിയില്ല. അതിനാലാണ് പുതിയ കുറ്റം ചുമത്തുന്നത് എന്നതാണ് ഞങ്ങൾക്ക് തോന്നുന്നത്. എന്‍.എസ്.എ പ്രകാരം കേസെടുത്താല്‍ 12 മാസം വരെ ജയിലില്‍ അടയ്ക്കാന്‍ കഴിയും. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനാണ് ജാവേദ് മുഹമ്മദ് ശ്രമിച്ചത്"- അഭിഭാഷകൻ കെ.കെ റോയ് വിശദീകരിച്ചു.

ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവചകനിന്ദയ്ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ ജൂൺ 12ന് ജാവേദ് മുഹമ്മദിന്റെ വീട് യു.പി സർക്കാർ പൊളിച്ചു നീക്കിയിരുന്നു. അനധികൃതമെന്ന് പറഞ്ഞായിരുന്നു നടപടി. എന്നാൽ വീട് ഭാര്യ പർവീൺ ഫാത്തിമയുടെ പേരിലുള്ളതാണ്. വീട് പൊളിച്ചതിനെതിരെ ഫാത്തിമ അലഹബാദ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ 19ന് ഹരജി വീണ്ടും കോടതി പരിഗണിക്കും.

അറസ്റ്റ് ചെയ്തതിന് ശേഷം സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ജാവേദ് മുഹമ്മദിനെ പ്രയാഗ്‌രാജിലെ നൈനി ജയിലിൽ നിന്ന് ദിയോറിയ ജയിലിലേക്ക് മാറ്റി. ജാവേദ് മുഹമ്മദിനെതിരെ എൻ.എസ്.എ ചുമത്തിയതിനെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) അപലപിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News