കൊലക്കുറ്റത്തിന് ജയിലിൽ; നിയമം പഠിച്ച് 12 വർഷത്തിന് ശേഷം നിരപരാധിത്വം തെളിയിച്ച് യുവാവ്
പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് അമിത് ജയില്‍ ശിക്ഷ അനുഭവിച്ചത്
ലഖ്‌നൗ: ചെയ്യാത്ത കുറ്റത്തിൽ നിന്ന് വിമുക്തനാക്കാൻ അമിത് ചൗധരിയെന്ന യുവാവെടുത്തത് 12 വർഷം. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ യുവാവാണ് നിയമം പഠിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചത്. 18- ാമത്തെ വയസിലാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അമിത് ചൗധരി ജയിലിൽ പോകുന്നത്. യുപിയിലെ മീററ്റിൽ രണ്ട് കോൺസ്റ്റബിൾമാരെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.കൊല്ലപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥരായതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ അന്നത്തെ മുഖ്യമന്ത്രിയായ മായാവതി ഉത്തരവിട്ടു. ഈ കേസിൽ 17 പേരായിരുന്നു പ്രതികൾ.അതിലൊരാളായിരുന്നു അമിത് ചൗധരി.
കൊലപാതകം നടക്കുമ്പോൾ സഹോദരിക്കൊപ്പം ഷാംലി ജില്ലയിലായിരുന്നു അമിത്. സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും പ്രതിയല്ലെന്നും പറഞ്ഞെങ്കിലും എന്നാൽ അതൊന്നും മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായില്ല..അന്ന് ബിരുദവിദ്യാർഥിയായിരുന്നു അമിത്. ജയിലിലായതോടെ പഠനവും മുടങ്ങി. പട്ടാളത്തിൽ ചേരുക എന്നതായിരുന്നു അമിതിന്റെ അന്നത്തെ സ്വപ്നം.
ജീവിതത്തിലെ രണ്ടു പ്രധാനപ്പെട്ട വർഷത്തിലാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോകേണ്ടിവന്നത്. ഇത് യുവാവിന്റെ മനസിൽ വല്ലാത്ത നീറ്റലായി കിടന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ അമിത് നിയമം പഠിക്കാനും തന്റെ നിരപരാധിത്വം തെളിക്കാനും തീരുമാനിച്ചു. എൽ.എൽ.ബിക്ക് ശേഷം എൽ.എൽ.എമ്മും പൂർത്തിയാക്കി ഒടുവിൽ ബാർ കൗൺസിലിന്റെ പരീക്ഷയിലും വിജയിച്ചു.
തുടര്‍ന്നാണ് അമിത് ചൗധരി തന്റെ കേസ് സ്വയം വാദിച്ചത്. വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. 12 വർഷത്തിന് ശേഷമായിരുന്നു അമിത് ചൗധരി കുറ്റവിമുക്തനായത്. തന്നെപ്പോലെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയുന്നവരെ സഹായിക്കാനാണ് അമിത്തിന് ഇഷ്ടമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരക്കാരുടെ കേസുകൾ സൗജന്യമായി വാദിക്കുമെന്നും അമിത് പറയുന്നു.