അഖിലേഷ് യാദവുമായി സ്വരച്ചേർച്ച; അസംഖാനും എസ്.പിക്ക് പുറത്തേക്ക്?
സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണ് അസം ഖാന്‍ ആലോചിക്കുന്നതെന്നാണ് സൂചന
ലഖ്‌നൗ: സമാജ്‍വാദി പാർട്ടിയുടെ മുതിർന്ന നേതാവ് മുഹമ്മദ് അസം ഖാൻ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വന്തം പാർട്ടി രൂപീകരിക്കുന്നതായും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. സമാജ്‍വാദി പാർട്ടി ലോഹിയ (പിഎസ്പി-എൽ) തലവൻ ശിവ്പാൽ യാദവ് അഖിലേഷുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ബി.ജെ.പിയിലേക്കുള്ള മാറാനുള്ള തയ്യാറെടുപ്പിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് അസംഖാനും പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
'അസം ഖാനെ ജയിലിൽ നിന്ന് പുറത്തിറക്കാന്‍ അഖിലേഷ് ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയായിരുന്നുവെന്ന് അസം ഖാന്റെ മീഡിയ ഇൻ ചാർജ് ഫസഹത് ഖാൻ ഷാനു പറഞ്ഞു. ഞായറാഴ്ച രാത്രി രാംപൂരിലെ പാർട്ടി ഓഫീസിൽ ഖാന്റെ അനുയായികളുടെ യോഗത്തിലാണ് ഫസഹത്ത് ഇക്കാര്യം പറഞ്ഞത്. 'രാംപൂരിൽ മാത്രമല്ല, പല ജില്ലകളിലും മുസ്‍ലിംകൾ എസ്പിക്ക് വോട്ട് ചെയ്തു. എന്നാൽ എസ്പി ദേശീയ അധ്യക്ഷൻ മുസ്ലീങ്ങളുടെ പക്ഷം ചേർന്നില്ലെന്നും പാർട്ടിയിൽ മുസ് ലിംങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും ഫസഹത്ത് പറഞ്ഞു.
2020 ഫെബ്രുവരി മുതൽ തടവിൽ കഴിഞ്ഞിരുന്ന അസംഖാനെ ഒരു തവണ മാത്രമാണ് അഖിലേഷ് യാദവ് കാണാനെത്തിയത്. ഇതിൽ അസംഖാൻ അസ്വസ്ഥനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അസംഖാൻ മത്സരിച്ച് ജയിച്ചിരുന്നു. ജയിലിൽ നിന്നാണ് ഇത്തവണ അസംഖാൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്താം തവണയാണ് രാംപൂരിൽ നിന്ന് അസംഖാൻ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
മുസ്‍ലിംങ്ങൾക്ക് വേണ്ടി പാർട്ടിപ്രവർത്തിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം എസ്പി എംപിയായ ഷഫീഖുർ റഹ്‌മാൻ ബർഖും ആരോപിച്ചിരുന്നു. അതേ സമയം ഏതെങ്കിലും യോഗത്തെ കുറിച്ചോ അസംഖാൻ പാർട്ടി വിടുന്നതിനോ കുറിച്ചോ അറിയില്ലെന്ന് സമാജ് വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.അസം ഖാൻ എസ്പിക്കൊപ്പമാണ്, എസ്പി അദ്ദേഹത്തിനൊപ്പമാണെന്നും രാജേന്ദ്ര ചൗധരി പറഞ്ഞു.