പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭാര്യയെ ചുറ്റികയും സ്ക്രൂഡ്രൈവറും കൊണ്ട് ആക്രമിച്ചു; ഭർത്താവ് പിടിയിൽ
മർദന ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്


ഡെറാഡൂൺ: പെൺകുഞ്ഞിന് ജന്മം നൽകിയതിന്‍റെ പേരിൽ ഭാര്യയെ ചുറ്റികയും സ്ക്രൂഡ്രൈവറും കൊണ്ട് ആക്രമിച്ച ഭർത്താവ് പിടിയിൽ. ഉത്തരാഖണ്ഡിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഭർത്താവ് ഭാര്യയെ മർദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭർത്താവ് സ്ക്രൂഡ്രൈവറും ചുറ്റികയും ഉപയോഗിച്ച് തന്നെ മർദ്ദിച്ചുവെന്ന് യുവതി ആരോപിച്ചു. 2022 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ അന്ന് മുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ഉപദ്രവിക്കാൻ തുടങ്ങിയെന്നും പെൺകുട്ടി ജനിച്ചതോടെ കൂടുതൽ ക്രൂര മർദനങ്ങളായെന്നും യുവതി പറഞ്ഞു.
വിവാഹമോചനം നേടിയാൽ ജീവനാംശം നൽകാതിരിക്കാൻ ഭർത്താവിന്‍റെ വീട്ടുകാർ തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും ഒരിക്കൽ ക്രൂരമായി ആക്രമിച്ച് മുറിയിൽ പൂട്ടിയിട്ട തന്നെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
പ്രതി നിലവിൽ റിമാൻഡിലാണെന്നും അന്വേഷണം തുടരുകയാണെന്നും സർക്കിൾ ഇൻസ്പെക്ടർ ദീപക് സിങ് പറഞ്ഞു. മർദനത്തിന്റെ ദൃശ്യങ്ങൾ തെളിവുകളായി ഉണ്ടായിരുന്നിട്ടും പൊലീസ് തുടക്കത്തിൽ കർശന നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു. ഭർത്താവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോർട്ടലിലും വനിതാ ഹെൽപ്പ് ലൈനിലും ദേശീയ വനിതാ കമ്മീഷനിലും യുവതി പരാതി നൽകി.