എന്‍റെ മുത്തച്ഛനെ മന്ത്രിയാക്കണം; രാഹുലിന് കോണ്‍ഗ്രസ് നേതാവിന്‍റെ കൊച്ചുമകളുടെ കത്ത്
കർണാടക മന്ത്രിസഭാ വിപുലീകരണത്തിൽ മുത്തച്ഛനെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് ജയചന്ദ്രയുടെ ചെറുമകൾ ആരണ സന്ദീപാണ് കത്തയച്ചത്
ബെംഗളൂരു: മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ കൊച്ചുമകൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.കർണാടക മന്ത്രിസഭാ വിപുലീകരണത്തിൽ മുത്തച്ഛനെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് ജയചന്ദ്രയുടെ ചെറുമകൾ ആരണ സന്ദീപാണ് കത്തയച്ചത്.
''പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്.മുത്തച്ഛൻ മന്ത്രിയാകാത്തതിൽ വിഷമമുണ്ട്. ദയയും കഴിവും കഠിനാധ്വാനിയുമായ വ്യക്തിയായതിനാൽ അദ്ദേഹം മന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.'' ഒരു സ്മൈലിയോടു കൂടിയാണ് കത്ത് അവസാനിക്കുന്നത്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ മുതിർന്ന കോൺഗ്രസ് നേതാവ് ടിബി ജയചന്ദ്ര ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. അതേസമയം, കുഞ്ചിടിഗ സമുദായത്തിന് പ്രാതിനിധ്യം നൽകാത്തത് കടുത്ത അനീതിയാണെന്ന് ആരോപിച്ച് ടിബി ജയചന്ദ്രയുടെ അനുയായികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ പ്രകടനം നടത്തി.
പാർട്ടി ഹൈക്കമാൻഡിനെ കണ്ട് നീതി തേടുമെന്ന് ജയചന്ദ്ര പറഞ്ഞു. ജയചന്ദ്ര മാത്രമല്ല, സിദ്ധരാമയ്യ സർക്കാരിന്‍റെ 34 അംഗ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട നിരവധി മുതിർന്ന നിയമസഭാംഗങ്ങൾക്കിടയിലെ അതൃപ്തി ബെംഗളൂരുവിലെ രാജ്ഭവന് പുറത്ത് പ്രതിഷേധത്തിന്റെ രൂപത്തിൽ പൊട്ടിപ്പുറപ്പെട്ടു.മന്ത്രിസഭയിലെത്താൻ സാധിക്കാത്ത നിയമസഭാംഗങ്ങളുടെ നിരാശരായ അനുയായികൾ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത ഗവർണറുടെ വസതിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചു.