'ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സമാന മനസ്‌കരുമായി കൂട്ടായ്മ വേണം'; ഗുലാം നബി ആസാദ് സോണിയയുമായി ചർച്ച നടത്തി

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ജി 23 നേതാക്കൾ തുടർച്ചയായി യോഗം ചേർന്നുകൊണ്ടിരിക്കുകയും ഇടപെടലുകൾ നടത്തുകയുമാണ്

Update: 2022-03-18 16:26 GMT
Advertising

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സമാന മനസ്‌കരുമായി കൂട്ടായ്മ ഉണ്ടാക്കാൻ ചർച്ച ആരംഭിക്കുന്നതടക്കം കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുമായി ഗുലാം നബി ആസാദ് ചർച്ച ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സോണിയാ ഗാന്ധിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടി പരിഷ്‌കരിക്കണമെന്ന് വാദിക്കുന്ന ജി 23യിൽപ്പെട്ട നേതാവ് പറഞ്ഞു.


അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ജി 23 നേതാക്കൾ തുടർച്ചയായി യോഗം ചേർന്നുകൊണ്ടിരിക്കുകയും ഇടപെടലുകൾ നടത്തുകയുമാണ്. പാർട്ടി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നെഹ്‌റു കുടുംബവുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് നേതാക്കൾ അറിയിച്ചിരുന്നു. കപിൽ സിബൽ അടക്കമുള്ള തിരുത്തൽവാദി സംഘത്തിലുള്ളവർ ഇന്നലെ വീണ്ടും ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു.

ഭൂപീന്ദർ ഹൂഡ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു യോഗം. കൂടിക്കാഴ്ചയിൽ തിരുത്തൽ വാദികളായ നേതാക്കളുടെ ആവശ്യങ്ങളോട് രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാട് ഹൂഡ മറ്റ് നേതാക്കളെ അറിയിച്ചു. നേതൃമാറ്റം എന്ന ആവശ്യത്തിൽ ഊന്നി ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കുകയാണ് ജി 23 നേതാക്കൾ ചെയ്യുന്നത്.


കപിൽ സിബൽ നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമർശിച്ചിരുന്നെങ്കിലും അങ്ങനെ ആക്ഷേപിക്കേണ്ടതില്ലെന്നാണ് ഇതര ജി 23 നേതാക്കളുടെ നിലപാട്. എന്നാൽ നേതൃ സ്ഥാനത്ത് നിന്ന് എത്രയും വേഗം നെഹ്‌റു കുടുംബത്തെ മാറ്റണമെന്നാണ് പാർട്ടിക്കുള്ളിൽ ജി 23 നേതാക്കൾ ആവർത്തിക്കുന്ന ആവശ്യം.

'We need to team up with like-minded people before the Lok Sabha elections'; Ghulam Nabi Azad had a discussion with Sonia gandhi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News