ജൂനിയേഴ്സിനെ ഭീഷണിപ്പെടുത്തി; ആർ.ജി കാർ മെഡി.കോളജ് മുൻ പ്രിൻസിപ്പലിന്റെ അടുപ്പക്കാരായ മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ

മെഡി.കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി നിലവിൽ സിബിഐ കസ്റ്റഡിയിലുള്ള സന്ദീപ് ഘോഷിന് കൗൺസിൽ കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

Update: 2024-09-07 16:38 GMT
Advertising

കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി കാർ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ അടുപ്പക്കാരായ മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ. പശ്ചിമബം​ഗാൾ മെഡിക്കൽ കൗൺസിലി (ഡബ്ല്യുബിഎംസി)ന്റേതാണ് നടപടി.

ബർദ്വാൻ മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗം മുൻ റസിഡൻ്റ് മെഡിക്കൽ ഓഫീസർ (ആർഎംഒ) അവിക് ദേ, ഇതേ ആശുപത്രിയിലെ പാത്തോളജി വിഭാഗത്തിലെ മുൻ സീനിയർ റസിഡൻ്റ് ഡോക്ടർ ബിരൂപാക്ഷ ബിശ്വാസ്, മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർ മുസ്തഫിസുർ റഹ്മാൻ മല്ലിക് എന്നിവർക്കെതിരെയാണ് നടപടി. സസ്‌പെൻഷനു പുറമെ ദേയ്ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സന്ദീപ് ഘോഷുമായും ചില രാഷ്ട്രീയ നേതാക്കളുമായുമുള്ള അടുപ്പം ഉപയോഗിച്ച് ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്നതാണ് മൂവർക്കുമെതിരായ ആരോപണം. ഈസ്റ്റ് ബർദ്വാൻ ജില്ലയിലെ ബർദ്വാൻ മെഡിക്കൽ കോളജിൽ നിന്ന് സൗത്ത്-24 പർഗാനാസ് ജില്ലയിലെ കക്ദ്വീപ് സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയതിന് തൊട്ടുപിന്നാലെയാണ് ബിശ്വാസിനെതിരെ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയ്ക്ക് പിന്നാലെയാണ് ഇവർക്കെതിരെയും ആരോപണം ഉയർന്നത്. ദേയും ബിശ്വാസും സന്ദീപ് ഘോഷിന്റെ വിശ്വസ്തരാണെന്നും നിരവധി ജൂനിയർ ഡോക്ടർമാരെയാണ് ഇവർ ഭീഷണിപ്പെടുത്തിയതെന്നുമായിരുന്നു ആരോപണം. അടുത്തിടെ, മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാർ മല്ലിക്കിനെതിരെ പ്രതിഷേധിച്ചിരുന്നു. ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതി പുതിയ കാര്യമല്ലെന്നതിനാൽ ഇവർക്കെതിരെ കൗൺസിൽ നേരത്തേതന്നെ നടപടിയെടുക്കണമായിരുന്നുവെന്ന് ആരോ​ഗ്യപ്രവർത്തകർ പറയുന്നു.

ആർ.ജി കാർ മെഡി.കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി നിലവിൽ സിബിഐ കസ്റ്റഡിയിലുള്ള സന്ദീപ് ഘോഷിന് കൗൺസിൽ കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് നോട്ടീസിൽ പറയുന്നു.

സാമ്പത്തിക ക്രമക്കേട് കേസിൽ സന്ദീപ് ഘോഷിന്റെ വീട്ടില്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ സന്ദീപ് ഘോഷിന് ​ഗുരുതര വീഴ്ചയുണ്ടായെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾക്കെതിരെ നിർണായക കണ്ടെത്തലുമായി സിബിഐ രം​ഗത്തെത്തുകയും ചെയ്തു.

ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തതിന്റെ പിറ്റേന്ന് കുറ്റകൃത്യം നടന്ന സ്ഥലത്തിനോടു ചേർന്നുള്ള ഭാഗം നവീകരിക്കാൻ സന്ദീപ് ഘോഷ് നിർദേശം നൽകിയെന്നായിരുന്നു കണ്ടെത്തൽ. ഇക്കാര്യം ആവശ്യപ്പെട്ട് സന്ദീപ് ഘോഷ് പൊതുമരാമത്ത് വകുപ്പിനാണ് നിർദേശം നൽകിയത്. ആഗസ്റ്റ് ഒമ്പതിന് രാവിലെയാണ് ആശുപത്രി വളപ്പിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

സെമിനാർ ഹാളിനോടു ചേർന്നുള്ള മുറിയിലും ശുചിമുറിയിലും നവീകരണ പ്രവൃത്തികൾ നടത്താൻ പിഡബ്ല്യുഡിക്ക് സന്ദീപ് ഘോഷ് അനുമതി കത്ത് നൽകിയിരുന്നു. ഈ രേഖ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. നവീകരണം പൂർത്തിയാക്കാൻ സന്ദീപ് ഘോഷ് താൽപ്പര്യപ്പെട്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ജോലി ആരംഭിച്ച ഉടനെ ആശുപത്രി വളപ്പിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധമുണ്ടായതിനാൽ നവീകരണം തുടരാനായില്ല.

2021 ഫെബ്രുവരിയിൽ പ്രിൻസിപ്പൽ സ്ഥാനമേറ്റ സന്ദീപ് ഘോഷ് 2023 സെപ്റ്റംബർ വരെ ആ സ്ഥാനത്ത് തുടർന്നു. 2023 ഒക്ടോബറിൽ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനുള്ളിൽ തിരിച്ചെത്തി. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് ഘോഷ് മെ‍ഡിക്കൽ കോളജിന്റെ പ്രിൻസിപ്പലായിരുന്നു.

സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡിക്കൽ കോളജിൽ സമാനതകളില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടന്നതെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. മെഡിക്കൽ കോളജിൽ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നായിരുന്നു ആരോപണം. രാജിവച്ച ഡോ. സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിൽക്കുന്നതുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ആർ.ജി കർ മെഡിക്കൽ കോളജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി പറഞ്ഞത്.

ആശുപത്രിയിലെ ബയോമെഡിക്കൽ മാലിന്യങ്ങളും മെഡിക്കൽ സാമഗ്രികളും ഘോഷ് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നതായും വിദ്യാർഥികളെ ജയിപ്പിക്കാനായി സന്ദീപ് ഘോഷ് കൈക്കൂലി വാങ്ങിയിരുന്നതായും അക്തർ അലി വെളിപ്പെടുത്തി. സന്ദീപ് ഘോഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ആളായിരുന്നു ബലാത്സം​ഗക്കൊലക്കേസ് പ്രതിയായ സിവിൽ വളണ്ടിയർ സഞ്ജയ് റോയ്. ഇയാളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സീൽദാ കോടതി നിരസിക്കുകയും സെപ്റ്റംബർ 20 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News