'കോൺഗ്രസ് മിസൈൽ തൊടുത്തപ്പോൾ റൈഫിൾ ഉപയോഗിച്ചാണ് ഞാൻ അവരെ പ്രതിരോധിച്ചത്': ഗുലാം നബി ആസാദ്
കോൺഗ്രസിനെതിരെ ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഗുലാം നബി ആസാദ്
ഭാദെർവ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ്. തനിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം മിസൈൽ തൊടുത്തപ്പോൾ റൈഫിൾ ഉപയോഗിച്ചാണ് അവരെ പ്രതിരോധിച്ചതെന്ന് ഗുലാം നബി പറഞ്ഞു. താൻ അവർക്കെതിരെ ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ജമ്മു കശ്മീരിലെ ഭാദേർവയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
മുൻ പ്രധാനമന്ത്രിമാരായ ഇന്ധിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. രാജീവിനെ തന്റെ സഹോദരനായും ഇന്ദിരാഗാന്ധിയെ അമ്മയായും കണക്കാക്കുന്നതിനാൽ അവർക്കെതിരെ പ്രതികരിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വന്തം രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്ന് ഗുലാം നബി പ്രഖ്യാപിച്ചു.
'ഞാൻ ഇതുവരെ എന്റെ പാർട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ജനങ്ങളാണ് പാർട്ടിയുടെ പേരും പതാകയും തീരുമാനിക്കുക. എല്ലാവർക്കും മനസ്സിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേര് ഞാൻ നിർദേശിക്കും,' ഗുലാം നബി ആസാദ് പറഞ്ഞു. ആഗസ്റ്റ് 26നാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചത്. രാജിക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണുന്നയിച്ചത്.
സോണിയാ ഗാന്ധി നാമമാത്രമായ കോൺഗ്രസ് അധ്യക്ഷയായിരിക്കെ, എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സുരക്ഷാ ഗാർഡുകളും പിഎമാരും ആണെന്ന് അഞ്ച് പേജുള്ള രാജിക്കത്തിൽ ഗുലാം നബി പരാമർശിച്ചു. വളരെയധികം ദുഃഖത്തോടെയാണ് താൻ പാർട്ടി വിടുന്നതെന്നും കോൺഗ്രസുമായുള്ള 50 വർഷത്തെ ബന്ധം വിച്ഛേദിക്കുകയാണെന്നും ആസാദ് രാജിക്കത്തിൽ പറഞ്ഞു.