ആശിഷ് മിശ്രയെ യു.പി പൊലീസ് തൊടാൻ മടിക്കുന്നതെന്തുകൊണ്ട്? ആരാണ് അജയ് മിശ്ര?
ബ്രാഹ്‌മണ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള അജയ് മിശ്രയെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജൂലൈയില്‍ കേന്ദ്ര മന്ത്രിയാക്കിയത്. മന്ത്രിസഭാ പുനഃസസംഘടനയില്‍ യു.പിയില്‍ നിന്ന് മന്ത്രിയായ ഏക ബ്രാഹ്‌മണനാണ് അജയ് മിശ്ര.
ലഖിംപൂരിൽ പ്രതിഷേധസമരം നടത്തിയ കർഷകർക്കിടയിലേക്ക് ഞായറാഴ്ച വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള കാർ ഓടിച്ചുകയറ്റിയത്. അദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്രയാണ് കാർ ഓടിച്ചിരുന്നതെന്നാണ് കർഷകർ ആരോപിക്കുന്നത്. ആശിഷ് കാർ ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നാല് കർഷകരടക്കം എട്ടുപേരാണ് ലഖിംപൂരിൽ കൊല്ലപ്പെട്ടത്. സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ യു.പി പൊലീസ് തയ്യാറായിട്ടില്ല.
കേന്ദ്രമന്ത്രിയും ഖേരി എം.പിയുമായ അജയ് മിശ്രയുടെ മകനായതിനാലണ് ആശിഷിനെ തൊടാൻ യു.പി പൊലീസ് തയ്യാറാവാത്തത് എന്നാണ് കർഷകരും പ്രതിപക്ഷവും പറയുന്നത്. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവായ അജയ് മിശ്ര ഈ വർഷം ജൂലൈയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് കേന്ദ്രമന്ത്രിയായത്. യു.പിയിൽ പ്രത്യേകിച്ച് ലഖിംപൂർ ഖേരിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ആശിഷാണ്.
1960 സെപ്റ്റംബർ 25നാണ് അജയ് മിശ്രയുടെ ജനനം. ക്രിസ്റ്റ് കോളേജിൽ നിന്ന് സയൻസ് ബിരുദവും കാൺപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി. ഖേരി ജില്ലാ ബാങ്ക് വൈസ് ചെയർമാനും ഖേരി ജില്ലാ പരിഷത് അംഗവുമാണ് മിശ്ര.
ബ്രാഹ്‌മണ സമുദായത്തിൽ നിർണായക സ്വാധീനമുള്ള അജയ് മിശ്രയെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജൂലൈയിൽ കേന്ദ്ര മന്ത്രിയാക്കിയത്. മന്ത്രിസഭാ പുനഃസസംഘടനയിൽ യു.പിയിൽ നിന്ന് മന്ത്രിയായ ഏക ബ്രാഹ്‌മണനാണ് അജയ് മിശ്ര. കുർമി സമുദായത്തിന് നിർണായക സ്വാധീനമുള്ള ഖേരി മണ്ഡലത്തിൽ നിന്ന് അപൂർവ്വമായി തെരഞ്ഞെടുക്കപ്പെട്ട ബ്രാഹ്‌മണ സമുദായാംഗം കൂടിയാണ് മിശ്ര.
അജയ് മിശ്ര രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകരും പ്രതിപക്ഷ പാർട്ടികളുമുള്ളത്. എന്നാൽ മിശ്രയുടെ രാജി വേണ്ടെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. അദ്ദേഹം ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോൾ രാജിവെച്ചാൽ അത് പ്രതിപക്ഷത്തിന് കീഴടങ്ങിയെന്ന പ്രതീതിയുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
തനിക്കെതിരായ ആരോപണം പൂർണമായും തെറ്റാണെന്നാണ് അജയ് മിശ്രയുടെ വാദം. ഞായറാഴ്ച സംഭവം നടക്കുമ്പോൾ താനോ മകനോ ലഖിംപൂരിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വാഹനം തന്റെ ഉടമസ്ഥതയിലുള്ളതാണ്. അത് നിഷേധിക്കുന്നില്ല. പാർട്ടി പ്രവർത്തകരിലൊരാളാണ് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ കർഷകർ ആക്രമിച്ചു കൊലപ്പെടുത്തിയെന്നും മിശ്ര ആരോപിച്ചു.