ആരാണ് മോനു മനേസര്‍? ഹരിയാന സംഘര്‍ഷത്തിലെ പങ്കെന്ത്?

മുന്‍ വര്‍ഷങ്ങളില്‍ നൂഹിലൂടെ ഘോഷയാത്ര നടന്നിട്ടുണ്ടെന്നും പ്രദേശത്തെ എല്ലാവരും ആ യാത്രയെ സ്വാഗതം ചെയ്തിരുന്നുവെന്നും സ്ഥലം എം.എല്‍.എ

Update: 2023-08-02 13:42 GMT
Advertising

ഡല്‍ഹി: ബജ്‍റംഗ്ദള്‍ പ്രവര്‍ത്തകനായ മോനു മനേസര്‍ പങ്കുവെച്ച വീഡിയോ ഹരിയാനയിലെ നൂഹില്‍ സംഘര്‍ഷത്തിന് കാരണമായതായി റിപ്പോര്‍ട്ട്. നൂഹിലെ ഘോഷയാത്രയിൽ താന്‍ പങ്കെടുക്കുമെന്നാണ് മോനു മനേസർ വീഡിയോയില്‍ പറഞ്ഞത്. പശു സംരക്ഷനെന്ന് അവകാശപ്പെടുന്ന മോനു മനേസര്‍, രണ്ട് മുസ്‍ലിം കന്നുകാലി വ്യാപാരികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ആരോപണം നേരിട്ടയാളാണ്.

നൂഹിലെ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന് പറഞ്ഞ മോനു മനേസർ, തന്റെ അനുയായികളോടും പങ്കെടുക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറച്ചു ദിവസം മുന്‍പ് ആഹ്വാനം ചെയ്തിരുന്നു. മോനുവിന്‍റെ സാന്നിധ്യം പ്രകോപനമുണ്ടാക്കാനിടയുണ്ടെന്ന് സ്ഥലം എം.എല്‍.എ ചൌധരി അഫ്താബ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ നൂഹിലൂടെയുള്ള യാത്രയ്ക്ക് അനുമതി നല്‍കിയ അധികൃതര്‍, ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ഇതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ നൂഹിലൂടെ ഘോഷയാത്ര നടന്നിട്ടുണ്ടെന്നും സമാധാനപരമായാണ് അവയെല്ലാം നടന്നതെന്നും പ്രദേശത്തെ എല്ലാവരും ആ യാത്രയെ സ്വാഗതം ചെയ്തിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു. അധികൃതരുടെ അലംഭാവമാണ് ഇത്തവണ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. 

കഴിഞ്ഞ ഫെബ്രുവരിയിൽ ഭിവാനിയിലാണ് കത്തിക്കരിഞ്ഞ കാറിൽ കൊല്ലപ്പെട്ട നിലയിൽ ജുനൈദ്, നസീര്‍ എന്നീ രണ്ട് കന്നുകാലി വ്യാപാരികളെ കണ്ടെത്തിയത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇരുവരുടെയും കുടുംബം ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ മോനു മനേസറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. മോനു മനേസറെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തില്‍ വിവരം ചോർന്നതോടെ അയാൾ രക്ഷപ്പെട്ടുവെന്നാണ് രാജസ്ഥാന്‍ പൊലീസ് പറഞ്ഞത്.

ഗുരുഗ്രാമിലെ മനേസര്‍ സ്വദേശിയായ മോനു മനേസറെന്ന മോഹിത് യാദവ് ബജ്‍റംഗ്ദളിന്‍റെ ഭാഗമായ ഗോരക്ഷാ ദളിന്‍റെ നേതാവാണ്. പശു സംരക്ഷകര്‍‌ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോകൾ മോനു മനേസര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. 2015ൽ പശു സംരക്ഷണ നിയമം നിലവിൽ വന്നതിന് ശേഷം ഹരിയാന സർക്കാർ രൂപീകരിച്ച ജില്ലാ പശു സംരക്ഷണ ടാസ്‌ക് ഫോഴ്‌സില്‍ അംഗമായിരുന്നു. 2019ൽ പശുക്കടത്തുകാരെ പിന്തുടരുന്നതിനിടെ വെടിയേറ്റെന്ന് മോനു മനേസര്‍ പറയുകയുണ്ടായി. ലവ് ജിഹാദിനെതിരെ എന്ന പേരില്‍ വിദ്വേഷ ക്യാമ്പെയിനുകളും മോനു മനേസര്‍ നടത്താറുണ്ടായിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള മോനു മനേസർ, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആയുധങ്ങളും പതിവായി പ്രദർശിപ്പിക്കാറുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News