ആദ്യമായി എം.എൽ.എ, പിന്നാല മുഖ്യമന്ത്രി; ആരാണ് ഭജൻലാൽ ശർമ?
ജയ്പൂർ ജില്ലയിലെ സാംഗനേർ മണ്ഡലത്തിൽനിന്നാണ് ഭജൻലാൽ ശർമ എം.എൽ.എ ആയത്.
ജയ്പൂർ: ആദ്യമായി എം.എൽ.എ ആയപ്പോൾ തന്നെ മുഖ്യമന്ത്രി പദവിയിലെത്തുന്ന അപൂർവ ഭാഗ്യമാണ് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമക്ക് ലഭിച്ചിരിക്കുന്നത്. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഭജൻലാൽ ആർ.എസ്.എസ് നേതൃത്വത്തിന്റെ വിശ്വസ്തനെന്ന നിലയിലാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്. ജയ്പൂർ ജില്ലയിലെ സാംഗനേർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം വിജയിച്ചത്.
ബ്രാഹ്‌മണ സമുദായത്തിൽനിന്നുള്ള നേതാവായ ഭജൻലാൽ ശർമ സംഘടനാരംഗത്ത് പ്രമുഖനാണ്. നാലുതവണ ബി.ജെ.പി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംഗനേറിൽ കോൺഗ്രസ് സ്ഥാനാർഥിയെ 48081 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭജൻലാൽ രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിങ് ഷേഖാവത്ത്, അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ജയ്പൂരിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ നിരീക്ഷകനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരും പങ്കെടുത്തു.