മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര് ? തർക്കം തീരാതെ മധ്യപ്രദേശ് ബിജെപി
മൂന്നു കേന്ദ്രമന്ത്രിമാർ അടക്കം ഏഴ് എംപിമാരാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
ന്യൂഡൽഹി: മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം തീരാതെ ബിജെപി. ബിജെപിയുടെ മുഖമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സ്വയം ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും പാർട്ടി അംഗീകരിച്ചിട്ടില്ല. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തൊമാറടക്കം നാല് മുതിർന്ന നേതാക്കളാണ് ശിവരാജ് ചൗഹാന് ഒപ്പം മത്സരിക്കുന്നത്.
വീണ്ടും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആകുമെന്നും ശിവരാജ് സിങ് ചൗഹാൻ പറയുമ്പോഴും അദ്ദേഹത്തിനെ പിന്തുണക്കുന്നവർക്ക് പോലും അത്ര വിശ്വാസം പോരാ. കഴിഞ്ഞ ദിവസം രണ്ട് പ്രചാരണ യോഗങ്ങളിലാണ് താൻ തന്നെ അടുത്ത മുഖ്യമന്ത്രിയെന്ന് ശിവരാജ് സിങ് ചൗഹാൻ ആവർത്തിച്ചത്. ആദ്യത്തേത് വനിതകളുടെ സമ്മേളനത്തിലായിരുന്നു രണ്ടാമത്തേത് തെരെഞ്ഞെടുപ്പ് റാലിയിലായിലും. മുതിർന്ന നേതാവായ താൻ മത്സരിക്കുന്നത് വെറും എംഎൽഎ ആയിരിക്കാനല്ലെന്നു ചൂണ്ടിക്കാട്ടി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗീയ തന്റെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
മത്സരിക്കുന്ന മൂന്നു കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കാൻ സാധ്യത യുള്ളവരാണെന്നു മധ്യപ്രദേശ് ബിജെപി കണക്ക് കൂട്ടുന്നു. മൂന്നു കേന്ദ്രമന്ത്രിമാർ അടക്കം ഏഴ് എംപിമാരാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രിയും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ നരേന്ദ്ര സിങ് തൊമാറിനെയാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. തോമാറാകട്ടെ ഈ വിവാദത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അസമിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ഹിമന്ത ബിശ്വാശർമയ്ക്ക് ലഭിച്ചത് പോലുള്ള സ്വീകാര്യത മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കിട്ടിയിട്ടില്ല. കോൺഗ്രസ് ക്യാംപിലാകട്ടെ കമൽ നാഥ് എന്ന ഒറ്റപ്പേരിലേക്ക് മുഖ്യമന്ത്രി സ്ഥാനാർഥി ചുരുങ്ങി. മുൻമുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ് അടക്കമുള്ളവർ ഇക്കാര്യം അംഗീകരിച്ചു കഴിഞ്ഞു.
Who is the Chief Minister candidate? dispute in Madhya Pradesh BJP