Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: ഇന്ത്യൻ വ്യവസായ ചരിത്രത്തിലെ ഇതിഹാസ പുരുഷനായിരുന്നു രത്തൻ ടാറ്റ. ഉപ്പു തൊട്ട് ഉരുക്കിൽ വരെ തന്റെ പേരെഴുതിച്ചേർത്ത, ടാറ്റാ ഗ്രൂപ്പിനെ ആഗോള പ്രശസ്തിയിലേക്ക് എത്തിച്ച വ്യക്തിത്വം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹത്തിൻറെ അന്ത്യം. അന്തരിക്കുമ്പോൾ ടാറ്റാ സൺസിന്റെ ചെയർമാൻ എമെരിറ്റസ് ആയിരുന്നു അദ്ദേഹം.
രത്തൻ ടാറ്റയുടെ വിയോഗത്തോടെ ടാറ്റയിൽ അദ്ദേഹത്തിൻറെ പിൻഗാമിയായി ആരെത്തുമെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. അർധസഹോദരനായ 67കാരൻ നോയൽ ടാറ്റയാണ് രത്തൻ ടാറ്റയ്ക്ക് ശേഷം കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന വ്യക്തി. നവാൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലുള്ള മകനാണ് നോയൽ ടാറ്റ. നിലവിൽ ടാറ്റ ഇന്റർനാഷനൽ ലിമിറ്റഡിന്റെ ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.
നോയൽ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി സജീവമായുണ്ട്. ട്രെന്റ്, വോൾട്ടാസ് & ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനായും ടാറ്റ സ്റ്റീൽ ആൻഡ് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നിരവധി ബോർഡുകളിലും നോയൽ ടാറ്റ അംഗമാണ്.
ടാറ്റ ഇന്റർനാഷനലിന്റെ നേതൃസ്ഥാനത്തെത്തുന്നതിനു മുൻപ്, ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായിരുന്നു നോയൽ ടാറ്റ. കമ്പനിയുടെ നാനോന്മുഖമായ വിപുലീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ചു അദ്ദേഹം. രത്തൻ ടാറ്റയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടാൽ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ 11-ാമത്തെ ചെയർമാനും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയർമാനുമാകും നോയൽ ടാറ്റ.