'ഒരു കേസ് കൊടുക്കാൻ വന്നതാ'; കോടതിയിൽ ഗേറ്റ് തകർത്ത് അതിക്രമിച്ചുകയറി കാട്ടാന- വീഡിയോ
ഗേറ്റ് തകർത്ത് അകത്തുകയറിയ കാട്ടാന ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് ആക്രമിക്കുകയും ചെയ്തു.
ഡെറാഡൂൺ: വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ കോടതിയിലേക്ക് ഒരു അപ്രതീക്ഷിത അതിഥി. മനുഷ്യനൊന്നുമല്ല, കാട്ടിൽ നിന്നായിരുന്നു ആ അതിഥിയുടെ വരവ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ കോടതിയിലായിരുന്നു സംഭവം. രാജാജി കടുവാ സങ്കേതത്തിൽ നിന്നെത്തിയ കാട്ടാനയാണ് സെഷൻസ് കോടതി വളപ്പിലേക്ക് ഇരച്ചുകയറിയതും പരിഭ്രാന്തി സൃഷ്ടിച്ചതും.
തുമ്പിക്കൈ കൊണ്ട് ഗേറ്റ് തകർത്താണ് കാട്ടാന അകത്തുകയറിയത്. മതിലിനും കേടുപാട് വരുത്തി. ആന കോടതി ഗേറ്റ് തകർത്ത് കയറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോടതിക്കൊപ്പം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഓഫീസും ഇവിടെയൊണ് പ്രർത്തിക്കുന്നത്.
ഗേറ്റ് തകർത്ത് അകത്തുകയറിയ കാട്ടാന ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് ആക്രമിക്കുകയും ചെയ്തു. ഏറെ നേരം കോടതി പരിസരത്ത് കറങ്ങിനടന്ന കാട്ടാന ഇവിടെയുണ്ടായിരുന്നവരെ ഭയപ്പാടിലാക്കി. പലരും ജീവനും കൊണ്ട് ഓടി.
സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ റിസർവിലേക്ക് തിരിച്ചുവിടാൻ ആകാശത്തേക്ക് വെടിയുതിർത്തു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, ആനയെ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരിച്ചുവിടാൻ ഉത്തരാഖണ്ഡ് വനംവകുപ്പ് സംഘത്തിനായി.
കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആന ഹരിദ്വാറിലേക്ക് കടന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. വന്യമൃഗങ്ങൾ മനുഷ്യർക്ക് എന്തെങ്കിലും പരിക്കേൽപ്പിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ പ്രദേശത്തെ പല വസ്തുക്കളും നശിപ്പിച്ചിട്ടുണ്ട്.