'കേന്ദ്രത്തെ ഇനിയും യൂനിയൻ ഭരണകൂടം എന്നു തന്നെ വിളിക്കും'; നിലപാട് വ്യക്തമാക്കി സ്റ്റാലിൻ
ഭരണഘടനയിൽ എഴുതിവച്ചത് പിന്തുടരുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അതൊരു കുറ്റകൃത്യമല്ലെന്നും സ്റ്റാലിൻ തമിഴ്‌നാട് നിയമസഭയിൽ വ്യക്തമാക്കി
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ കേന്ദ്ര സർക്കാരിനെ യൂനിയൻ ഭരണകൂടം എന്നാണ് എംകെ സ്റ്റാലിൻ അഭിസംബോധന ചെയ്തുവരുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല കോണുകളിൽനിന്നും അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ, വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റാലിൻ. തുടർന്നും കേന്ദ്രത്തെ യൂനിയൻ ഭരണകൂടം എന്നു തന്നെ വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തെ യൂനിയൻ ഭരണകൂടം എന്ന് സൂചിപ്പിക്കുന്നത് ഒരു സാമൂഹിക കുറ്റകൃത്യമല്ല. യൂനിയൻ എന്ന വാക്കിനെ ഭയക്കേണ്ട കാര്യമൊന്നുമില്ല. ഫെഡറൽ തത്വങ്ങളെയാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങളത് ഉപയോഗിക്കുന്നത്. ഇനിയും അതു തന്നെ ഉപയോഗിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
നിയമസഭയിൽ ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ. ഭരണഘടനയുടെ ആദ്യ വരിയിൽ തന്നെ ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണെന്നാണ് പറയുന്നത്. ഭരണഘടനയിൽ എഴുതിവച്ചത് പിന്തുടരുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.