മണിപ്പൂരിൽ കലാപം നിയന്ത്രിച്ചില്ലെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് എൻ.പി.പി
കേന്ദ്രമന്ത്രിയുടെ വീടിന് പോലും തീയിട്ടു. കൃത്യമായൊരു ആസൂത്രണം പോലുമില്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും എൻ.പി.പി ദേശീയ വൈസ് പ്രസിഡന്റ് ജോയ് കുമാർ സിങ് പറഞ്ഞു.
ഇംഫാൽ: മണിപ്പൂരിൽ കലാപം നിയന്ത്രിച്ചില്ലെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രിയും എൻ.പി.പി വൈസ് പ്രസിഡന്റുമായ ജോയ്കുമാർ സിങ്. ദിവസങ്ങൾ കഴിഞ്ഞിട്ടും മണിപ്പൂരിൽ സംഘർഷത്തിന് അയവുവരുന്നതില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിശബ്ദരായി ഇരിക്കാനാവില്ല. കലാപം ഇനിയും തുടരുകയാണെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കാൻ നിർബന്ധിതരാവും. ആർട്ടിക്കിൾ 355 ഇവിടെ നിലവിലുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉത്തരവാദിത്തമാണ്. ഇതുവരെ കൃത്യമായൊരു പ്ലാനിങ് പോലുമില്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പൂരിൽ ഇപ്പോഴും സംഘർഷം രൂക്ഷമായി തുടരുകയാണ്. കേന്ദ്രമന്ത്രി ആർ.കെ രഞ്ജന്റെ വീടിന് കലാപകാരികൾ തീയിട്ടു. ഇന്ന് കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു. നാളെ ഏതു പാർട്ടിയിലേയും എം.പിയുടേയും എം.എൽ.എയുടേയും വീടിന് വരെ തീയിടാമെന്നും അദ്ദേഹം പറഞ്ഞു. ഹൈവേകൾ തുറന്ന് ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ പോലും ഇനിയും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.